തലമുറകളെ ഒന്നിപ്പിക്കാൻ ഡോക്ടറുടെ 'സോഷ്യൽ ഗെയിം'
കൊച്ചി: മുതിർന്നവർക്കും കുട്ടികൾക്കുമിടയിൽ കുറഞ്ഞുവരുന്ന ആത്മബന്ധം വീണ്ടും വളർത്താൻ സഹായകമായ 'സോഷ്യൽ ഗെയിം' വികസിപ്പിച്ച് എറണാകുളം സ്വദേശിയും ജെറിയാട്രിക് വിദഗ്‌ദ്ധനുമായ ഡോ.പ്രവീൺ ജി.പൈ. ഓൺലൈനിലെ ടാസ്കുകൾക്കനുസരിച്ച് ഓഫ് ലൈനായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ പങ്കാളികളാക്കി കളിക്കാവുന്ന ഗെയിമാണിത്. കൊച്ചി സ്കൈലൈൻ ഇംപീരിയൽ ഗാർഡനിൽ ഇന്ന് ഗെയിം അവതരിപ്പിക്കും.
ഷൂട്ട് ഔട്ട്, ട്രഷർ ഹണ്ടിംഗ്, ഇന്റർവ്യൂ, കഥപറയൽ എന്നിങ്ങനെയാണ് ഓൺലൈൻ ടാസ്‌കുകൾ. ഓൺലൈനിൽ കിട്ടുന്ന ടാസ്കിനനുസരിച്ച് പുറത്ത് ഗെയിം പൂർത്തിയാക്കണം. ഇത് അപ്‌ലോഡ് ചെയ്യുമ്പോൾ അടുത്ത ടാസ്ക്. ഉദാഹരണത്തിന് ഷൂട്ട് ഔട്ടിൽ ഓൺലൈൻ നിർദ്ദേശിക്കുന്നത് അഞ്ച് കിക്കുകൾ. ഇത് പുറത്ത് ചെയ്യണം. രണ്ട് കിക്കുകൾ കുട്ടിക്കും മൂന്നെണ്ണം കുട്ടി കണ്ടെത്തുന്ന 70 പിന്നിട്ടവരും ചെയ്യണം. ഇത് പൂർത്താക്കി അപ്‌ലോഡ് ചെയ്യുമ്പോൾ അടുത്ത ടാസ്കിനുള്ള നിർദ്ദേശം കിട്ടും. ലഭിക്കുന്ന പോയിന്റുകൾക്കനുസരിച്ച് ചാമ്പ്യനുമാകാം.
റസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെയാകണം സജ്ജീകരണങ്ങൾ ഒരുക്കേണ്ടത്. 12 -16 പ്രായക്കാർക്ക് മാതാപിതാക്കളുടെ അനുമതിയോടെ കളിക്കാം. പത്തനംതിട്ട റാന്നി സ്വദേശിയും സാമൂഹ്യപ്രവർത്തകനുമായ മിഥുൻ തോമസിന്റെ സഹായത്തോടെ ആറുമാസംകൊണ്ടാണ് ഡോ.പ്രവീൺ ഗെയിം നിർമ്മിച്ചത്.
പ്രായമായവരും
പങ്കാളികൾ
മുതിർന്നവരും കുട്ടികളുമായുള്ള അകലം കുറയ്ക്കുന്നതിനൊപ്പം പ്രായമായവരെ ഗെയിമുകളിൽ പങ്കാളികളാക്കി അവരെയും സന്തോഷിപ്പിക്കാമെന്ന ആശയമാണ് ഇതിലൂടെ ഡോ.പ്രവീൺ ലക്ഷ്യമിടുന്നത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ നെറ്റ‌്‌വർക്ക് ഒഫ് ഏജ് ഫ്രണ്ട്‌ലി സിറ്റീസ് ആൻഡ് കമ്മ്യൂണിറ്റിയുടെ ചട്ടക്കൂടിലാണ് 'ഗ്രാൻഡ് ക്രാഫ്റ്റ്' എന്ന ഗെയിം ഒരുക്കിയത്.
മുതിർന്നവരെ ഒറ്റപ്പെടലിൽ നിന്ന് മുക്തരാക്കാനും കുട്ടികൾക്ക് സമൂഹത്തിൽ ഇടപെടാനും തെറ്റായ വഴികളിൽ നിന്ന് മാറിനടക്കാൻ സഹായിക്കുകയുമാണ് ലക്ഷ്യം
ഡോ.പ്രവീൺ ജി.പൈ