വീണ്ടും പനിക്കാലം
മഞ്ഞപ്പിത്തം, ഡെങ്കിപ്പനി ബാധിതർ ഏറുന്നു
കൊച്ചി: ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 41 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചത്. 23ന് മാത്രം 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ 80 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതിൽ 16 പേർക്കും പനി സ്ഥിരീകരിച്ചു. തുറവൂർ, കീഴ്മാട്, പായിപ്ര, എടത്തല, കാലടി തുടങ്ങിയ ഇടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതൽ. ഏഴ് ദിവസത്തിനിടയിൽ 1152 പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. 29ന് 205പേരും 24ന് 197 പേരും വൈറൽ പനി ബാധിതരായി. ഇതിനിടെയാണ് പതിവില്ലാതെ എലിപ്പനി ബാധിതരുടെ എണ്ണവും കണ്ടു തുടങ്ങിയത്. അഞ്ചു പേർക്കാണ് ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ചത്. മാറാടി, വാഴക്കുളം, ഇടക്കൊച്ചി, മൂവാറ്റുപുഴ, അശമന്നൂർ എന്നിവിടങ്ങളിലാണ് എലിപ്പനി ബാധ. ഇതിനൊപ്പം നാല് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. പണ്ടപ്പള്ളി, വെണ്ണല, ആലങ്ങാട് എന്നിവിടങ്ങളിലാണ് മലേറിയ ബാധ.
പനിബാധിതരുടെ എണ്ണം (23 മുതൽ 28 വരെ)
(പനി, ദിവസം, എണ്ണം, ആകെ എന്ന കണക്കിൽ)
വൈറൽ പനി-------- 144, 197,182,179,122,73,205
ഡെങ്കിപ്പനി----------08, 12, 15, 13, 05, 06, 07
മഞ്ഞപ്പിത്തം----------08, 13, 06, 03, 06, 04, 01
പ്രതിരോധ പ്രവർത്തനം ശക്തമാക്കും
മഞ്ഞപ്പിത്ത വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനം ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. വിപുലമായ ബോധവത്കരണം നടത്തും. മഞ്ഞപ്പിത്ത വ്യാപക പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ പ്രത്യേക പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
മഞ്ഞപ്പിത്തം ലക്ഷണങ്ങൾ
കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞനിറം
ത്വക്കിന് മഞ്ഞനിറം
വായ്ക്കുള്ളിൽ മഞ്ഞനിറം
മൂത്രത്തിന്റെ നിറം ഇരുണ്ടതാകും
ചൊറിച്ചിൽ
കുട്ടികളിൽ പല്ലുകളിൽ മഞ്ഞ നിറം
കടുത്ത പനി
വിശപ്പില്ലായ്മ
വയറു വേദന
ഭാരം കുറയൽ
ഛർദ്ദി