പേ​വി​ഷ​ ​ബാ​ധയിൽ അ​ഞ്ചു​ ​ വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

Wednesday 30 April 2025 1:15 AM IST

കോഴിക്കോട്/മലപ്പുറം: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരിക്ക് വാക്സിൻ നൽകിയിട്ടും ദാരുണാന്ത്യം. മലപ്പുറം പെരുവള്ളൂർ കാക്കത്തടം ചോലയ്ക്കൽ സൽമാൻ ഫാരിസ് - ജുസൈല ദമ്പതികളുടെ മകൾ സിയ ഫാരിസാണ് ഇന്നലെ പുലർച്ചെ 1.45ന് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മരിച്ചത്. ആഴത്തിലുള്ള പരിക്കും തലച്ചോറിലെ അണുബാധയുമാണ് മരണകാരണമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്ത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തലയിലും കാലിലും മുഖത്തും ചുണ്ടിനുമടക്കം 13 മുറിവുണ്ടായിരുന്നു. തലയ്‌ക്കായിരുന്നു ഗുരുതര പരിക്ക്. പ്രതിരോധ വാക്സിനെടുത്ത ശേഷമാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. മാർച്ച് 29നാണ് കുട്ടിയ്‌ക്ക് തെരുവുനായയുടെ കടിയേറ്റത്. മറ്റ് ആറുപേർക്കും കടിയേറ്റിരുന്നു. ആദ്യ കടിയേറ്റത് സിയയ്ക്കായിരുന്നു. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി ഐ.ഡി.ആർ.വി വാക്സിനെടുത്തു. ഇ.ആർ.ഐ.ജി (റാബിസ് ഇമ്മ്യുണോഗ്ലോബുലിൻ) കുത്തിവയ്ക്കാൻ താലൂക്ക് ആശുപത്രിയിൽ നിന്ന് നിർദ്ദേശിച്ചെങ്കിലും കുട്ടിയെ മാതാപിതാക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെത്തിച്ചു. അവിടെനിന്ന് ഉടൻ പ്രവർത്തിക്കുന്ന 'റെഡിമെയ്ഡ്" ആന്റിബോഡിയായ ഇ.ആർ.ഐ.ജി വാക്‌സിൻ നൽകി.

തലയ്‌ക്ക് ആഴത്തിൽ മുറിവേറ്റിട്ടും കുട്ടിയെ അന്നുതന്നെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെന്ന് ബന്ധുക്കൾ പറഞ്ഞു. 48 മണിക്കൂറിനു ശേഷം അടുത്ത ചികിത്സ മതിയെന്ന് പറഞ്ഞതായി അവർ പറഞ്ഞു. വീട്ടിലെത്തിയ ശേഷം സിയയുടെ മുറിവുകൾ ഉണങ്ങിയിരുന്നു. എന്നാൽ പനിയും പേവിഷബാധയുടെ ലക്ഷണവുമുണ്ടായതിനെ തുടർന്ന് 23ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. 26നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സഹോദരങ്ങൾ: മുഹമ്മദ് സിയാൻ (മൂന്നര), സൈബ ഫാരിസ് (രണ്ട്). മൃതദേഹം ഇന്നലെ രാവിലെ എട്ടിന് ചാത്രത്തൊടി ജുമാ മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കി.

 ആഴത്തിലുള്ള മുറിവ് വില്ലനായി

സിയയുടെ തലയിലെ മുറിവ് ആഴമുള്ളതും ഗുരുതരവുമായതു കൊണ്ടാണ് വാക്സിൻ ഫലപ്രദമാകാത്തതെന്ന് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ എച്ച്.ഒ.ഡി ഡോ. അസ്മ പറഞ്ഞു. ആന്റിബോഡികൾ പ്രവർത്തിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ വൈറസ് തലച്ചോറിലെത്തി. രണ്ടാം തവണ ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടിയുടെ തലച്ചോറിനെ അണുബാധ ബാധിച്ചു തുടങ്ങിയിരുന്നെന്നും ചികിത്സ നൽകിയെന്നും മാതൃ ശിശു സംരക്ഷണ കേന്ദ്രം പീഡിയാട്രിക് എച്ച്.ഒ.ഡി ഡോ. വിജയകുമാർ പറഞ്ഞു.