കെ.എം. എബ്രഹാമിന്റെ ഹർജി ഇന്ന് പരിഗണിക്കും

Wednesday 30 April 2025 1:31 AM IST

ന്യൂഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത,​ മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്‌ക്കൽ തടസഹർജി സമർപ്പിച്ചിട്ടുണ്ട്. തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാണ് ആവശ്യം.