ഡല്‍ഹി ക്യാപിറ്റല്‍സിന് വീണ്ടും തോല്‍വി, കൊല്‍ക്കത്തയോട് പൊരുതി വീണു

Tuesday 29 April 2025 11:49 PM IST

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 14 റണ്‍സിനാണ് നീലപ്പട പരാജയം സമ്മതിച്ചത്. 205 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ഒരു ഘട്ടത്തില്‍ അനായാസം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും കൊല്‍ക്കത്ത ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സില്‍ ക്യാപിറ്റല്‍സിന്റെ മറുപടി അവസാനിച്ചു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഇന്നിംഗ്‌സിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് പോരലിന്റെ വിക്കറ്റ് 4(2) അവര്‍ക്ക് നഷ്ടമായി. കരുണ്‍ നായര്‍ 15(13), കെഎല്‍ രാഹുല്‍ 7(5) എന്നിവര്‍ കൂടി മടങ്ങിയപ്പോള്‍ സ്‌കോര്‍ 60 റണ്‍സ് മാത്രം. എന്നാല്‍ ഒരുവശത്ത് ഫാഫ് ഡുപ്ലസിസ് 62(45) നിലയുറപ്പിച്ചു. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 43(23) കൂടി തിളങ്ങിയപ്പോള്‍ ഡല്‍ഹി ഒരു ഘട്ടത്തില്‍ 13.1 ഓവറില്‍ 136ന് മൂന്ന് എന്ന നിലയിലായിരുന്നു.

പത്ത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അക്‌സര്‍ പട്ടേല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് 1(3), ഡുപ്ലസിസ് എന്നിവരെ മടക്കി സുനില്‍ നരെയ്ന്‍ കളി തിരിക്കുകയായിരുന്നു. പിന്നീട് വിപ്‌രാജ് നിഗം 38(19) മാത്രമാണ് പിടിച്ചുനിന്നത്. അഷുതോഷ് ശര്‍മ്മ 7(6), മിച്ചല്‍ സ്റ്റാര്‍ക്ക് 0(1) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയുടെ ജയം ഉറപ്പിച്ചു. ദുഷ്മന്ത ചമീര 2(3), കുല്‍ദീപ് യാദവ് 1*(1) എന്നിവര്‍ പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റുകളും വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ അനുകൂല്‍ റോയ്, വൈഭവ് അരോറ, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.ആദ്യ നാല് കളികളില്‍ പരാജയമറിയാതെ മുന്നേറിയ ഡല്‍ഹി പിന്നീട് കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ തോല്‍വി വഴങ്ങി.