'മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല', നിലപാട് വ്യക്തമാക്കി എം എ ബേബി

Tuesday 29 April 2025 11:56 PM IST

ചലച്ചിത്ര സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ലഹരി ഉപയോഗത്തിനിടെ പിടിയിലായത് ദിവസങ്ങൾ മുൻപാണ്. ഇതിനിടെ റാപ്പർ വേടനും കഴിഞ്ഞ ദിവസം കഞ്ചാവ് ഉപയോഗത്തിനിടെ കസ്റ്റംസ് പിടിയിലായി. ഇതിനിടെ ഇവരെ വിമർശിച്ചും പിന്തുണച്ചും വിവിധ കോണുകളിൽ നിന്ന് ചർച്ചകളുമുണ്ടായി. സിന്തറ്റിക് ഡ്രഗിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച ലഹരി കേസിൽ കുടുങ്ങിയ ഹിരൺ ദാസ് മുരളി എന്ന വേടനെ പിന്തുണച്ചും ഇന്ന് മലങ്കര സുറിയാനി സഭ നിരണം ഭദ്രാസനം മുൻ മെത്രാപൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്,​ ഗായകൻ ഷഹബാസ് അമൻ എന്നിവർ പ്രതികരിച്ചിരുന്നു. ഇത്തരത്തിൽ ചർച്ച നടക്കുന്നതിനിടെ മയക്കുമരുന്ന് ഉപയോഗത്തിലടക്കം നിലിപാട് വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി.

'മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും. അതുകൊണ്ട് ഒരുതരം മയക്കുമരുന്നും വേണ്ട. ബോബ് മാർലിയുടെ പാട്ട് തനിക്കിഷ്‌ടമാണ്. പക്ഷെ മാർലിയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്ര് ചെയ്‌തിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും പക്ഷെ ന്യായീകരണമല്ല.' ബേബി കുറിച്ചു.

എം എ ബേബിയുടെ കുറിപ്പിന്റെ പൂർണരൂപം ചുവടെ:

മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്. റെഗ്ഗി സംഗീതത്തിന്റെ ആചാര്യൻ ജമയ്ക്കക്കാരനായ കറുത്ത പാട്ടുകാരൻ ബോബ് മാർലിയെ കഞ്ചാവ് കൈവശം വച്ചിതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് മാർലിയുടെ പാട്ടും ഇഷ്ടമാണ്, പാൻ ആഫ്രിക്കൻ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല.