പുറ്റിങ്ങൽ സ്ഫോടന കേസ്: 30ാം പ്രതി പിടികിട്ടാപ്പുള്ളി

Wednesday 30 April 2025 12:07 AM IST

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിലെ 30-ാം പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പത്തനംതിട്ട അടൂർ ഏറത്ത് വില്ലേജിൽ രാജ്‌ ഭവനിൽ അനു എന്ന അനുരാജിനെയാണ്​ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്​. തുടർ നടപടികൾക്കായി കേസ് മേയ്​ 7ന്​ പരിഗണിക്കും. ജില്ല അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷിന്റെ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന നടപടിയുടെ ഭാഗമായി വിളംബര നോട്ടിസ് അനുരാജിന്റെ വീട്ടിലും മറ്റു പൊതുസ്ഥലങ്ങളിലും പതിച്ചിരുന്നു. ബന്ധുക്കളോടും അയൽവാസികളോടും പൊലീസ്​ അന്വേഷിച്ചതിൽ നിന്ന് പ്രതി രണ്ടുവർഷം മുമ്പ് അറസ്റ്റ് ഭയന്ന് വീടുവിട്ടുപോയതാണെന്നാണ്​ കണ്ടെത്തിയത്​. പ്രതിയുടെ പേരിൽ സ്ഥാവരജംഗമ സ്വത്തുക്കൾ നിലവിലില്ലെന്ന്​ റവന്യു അധികൃതർ റിപ്പോർട്ട് നൽകിയിട്ടുണ്ട്​. പ്രോസിക്യൂഷന് വേണ്ടി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ജബ്ബാർ, അഡ്വ.അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.