നാളെ മുതല്‍ ഈ മാറ്റങ്ങള്‍; അധികം വൈകാതെ എടിഎമ്മുകള്‍ അപ്രത്യക്ഷമാകുമോ?
മെട്രോകളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകള്‍ വരെ സൗജന്യം
ഇടപാടുകളുടെ എണ്ണം കൂടിയാല്‍ 23 രൂപയും നികുതിയും ഫീ ഈടാക്കും
കൊച്ചി: ഉപഭോക്താക്കള്‍ ശാഖകള്‍ സന്ദര്‍ശിക്കുന്നതും എ.ടി.എം ഉപയോഗിക്കുന്നതും നിയന്ത്രിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിംഗ് സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. പേപ്പര്‍ കറന്‍സിയുടെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് നാളെ മുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം കുറയ്ക്കാനും അധിക ഇടപാടുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകള്‍ മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.
ഇതിന് മുകളില്‍ നടത്തുന്ന ഇടപാടുകളുടെ ഫീസ് 21 രൂപയില്‍ നിന്ന് 23 രൂപയായി ഉയരും. ഇതോടൊപ്പം നികുതിയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. പണം പിന്‍വലിക്കല്‍, നിക്ഷേപം തുടങ്ങിയ ധനകാര്യ സേവനങ്ങളും ബാലന്‍സ് അറിയുന്നതടക്കമുള്ള ധനകാര്യ ഇതര ഇടപാടുകള്‍ക്കും പരിധി ബാധകമാകുമെന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ എ.ടി.എം ഉപയോഗ മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. എ.ടി.എം മെഷീനുകളില്‍ പണം നിക്ഷേപിക്കുന്നതിനും പുതിയ പരിധി ബാധകമാണ്.
അതേസമയം ധനകാര്യ ഇതര സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ലെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് വ്യക്തമാക്കി. ധനകാര്യ ഇതര സേവനങ്ങള്‍ പരിധിയിലധികം ഉപയോഗിക്കുമ്പോള്‍ 11 രൂപയും നികുതിയും ഈടാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു.
ലക്ഷ്യം സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍
ബാങ്കിംഗ് രംഗത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്ക് സൗജന്യ ഇടപാടുകളുടെ എണ്ണം നിയന്ത്രിക്കുന്നത്. എ.ടി.എം ഇടപാടുകള്‍ക്ക് ചെലവേറുന്നതോടെ ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു.പി.ഐ, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുമെന്നും വിലയിരുത്തുന്നു.
എ.ടി.എമ്മുകളിലൂടെ പണം പിന്‍വലിക്കല്‍ കുറയുന്നു
മൂന്ന് വര്‍ഷമായി എ.ടി.എമ്മിലൂടെയുള്ള പണം പിന്‍വലിക്കല്‍ തുടര്‍ച്ചയായി കുറയുകയാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. 2023 ജനുവരിയില്‍ എ.ടി.എമ്മിലൂടെ പണം പിന്‍വലിക്കല്‍ ഇടപാടുകള്‍ 57 കോടിയായിരുന്നു. 2024 ജനുവരിയിലിത് 52.72 കോടിയും നടപ്പുവര്‍ഷം ജനുവരിയില്‍ 48.83 കോടിയുമായി കുത്തനെ കുറഞ്ഞു.