മുഖം മിനുക്കി കഴുതുരുട്ടി ഹാൾട്ട് സ്റ്റേഷൻ

Wednesday 30 April 2025 12:51 AM IST
റെയിൽവേ വാർത്ത കഴുതുരുട്ടി ഹാൾട്ട് സ്റ്റേഷൻ

പുനലൂർ: മീറ്റർ ഗേജ് ബ്രോഡ്‌ഗേജാക്കി മാറ്റി എട്ടുവർഷം പിന്നിടുന്ന പുനലൂർ- ചെങ്കോട്ട റെയിൽ പാതയിലെ കഴുതുരുട്ടി ഹാൾട്ട് സ്റ്റേഷൻ മുഖംമുനുക്കി. ഫ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുകയും മനോഹരങ്ങളായ ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്തു.

ഗേജ് മാറ്റം നടന്നപ്പോൾ ഇവിടെ നിലവിലുണ്ടായിരുന്ന ലെവൽ ക്രോസ് അടയ്ക്കുകയും വാഹനങ്ങൾ കടന്നുപോകാൻ ദേശീയപാതയിൽ നിന്നും അടിപ്പാത നിർമ്മിക്കുകയും ചെയ്തിരുന്നു. ഗേജ്മാറ്റം നടന്നപ്പോഴുള്ളതിന്റെ ഒന്നര അടിയോളം ഉയരത്തിലാണ് ഇപ്പോൾ പ്ലാറ്റ്ഫോം പുനർനിർമ്മിച്ചത്. കൂടുതൽ ഇരിപ്പിടങ്ങളും നിർമ്മിച്ചു. ആര്യങ്കാവ് പഞ്ചായത്തിന്റെ പഞ്ചായത്ത് ആസ്ഥാനം സ്ഥിതിചെയ്യുന്ന ഭാഗമാണ് കഴുതുരുട്ടി. തെന്മല വാലി എസ്റ്റേറ്റ് മേഖലയിലെ നിരവധി എസ്റ്റേറ്റുകളിലേക്ക് പാത കടന്നു പോകുന്നതും ഇതുവഴിയാണ്. പ്രധാന വാണിജ്യകേന്ദ്രമായ കഴുതുരുട്ടി മാർക്കറ്റ് സ്ഥിതി ചെയ്യുന്നതും സമീപത്താണ്. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഈ പാതയിലെ കഴുതുരുട്ടി ഹാൾട്ട് സ്റ്റേഷനിൽ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിദിനം എത്തുന്നത്.