ഷാജി എൻ.കരുണിനരികിൽ കണ്ണീർ തൂകി അർച്ചന

Wednesday 30 April 2025 3:29 AM IST

തിരുവനന്തപുരം: ''എനിക്കെന്റെ അണ്ണൻ ആയിരുന്നു അദ്ദേഹം. എല്ലാക്കാര്യത്തിലും ഞാൻ അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു. ഈ വേർപാട് സഹിക്കാൻ കഴിയുന്നില്ല."" പിറവിയിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ നടി അർച്ചന വിതുമ്പലടക്കാനാകാതെ പറഞ്ഞു. അസുഖബാധിതനായ ഷാജി എൻ.കരുണിനെ കാണാൻ രണ്ടു ദിവസം മുമ്പ് ചെന്നൈയിൽ നിന്ന് സഹോദരനൊപ്പം അർച്ചന എത്തിയിരുന്നു. അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് വസതിയിലും ഇന്നലെ കലാഭവനിലെ പൊതുദർശനത്തിനും വൈകിട്ട് ശാന്തികവാടത്തിൽ സംസ്കാരച്ചടങ്ങിലും കണ്ണീരൊഴിയാതെയാണ് അർച്ചന നിന്നത്. അന്ത്യകർമ്മങ്ങൾക്കിടെ തറയിൽ വീണ വെള്ളവും പൂവുമെല്ലാം അവർ തുടച്ചുനീക്കിയത് നിറകണ്ണുകളോടെയാണ് ചുറ്റുംനിന്നവർ നോക്കിനിന്നത്.

പിറവി സിനിമയിൽ പ്രേംജി അവതരിപ്പിച്ച പ്രധാന കഥാപാത്രമായ രാഘവ ചാക്യാരുടെ മകളായാണ് അർച്ചന അഭിനയിച്ചത്. അന്നേ ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന

നടിയും നർത്തകിയുമാണ് അവർ. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത തമിഴ് ചിത്രം വീട്, നരസിംഗറാവു സംവിധാനം ചെയ്ത ദാസി എന്ന തെലുങ്ക് ചിത്രം എന്നിവയിലെ അഭിനയത്തിനു രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ചെന്നൈ സ്വദേശിയായ അർച്ചന മലയാളത്തിൽ ഈ സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഷാജി എൻ.കരുണിന്റെ നിഷാദ് എന്ന ഹിന്ദി ചിത്രത്തിലും അർച്ചന അഭിനയിച്ചിരുന്നു. ബാലു മഹേന്ദ്രയാണ് പിറവിയിലേക്ക് നി‌ദ്ദേശിച്ചത്. ഇപ്പോൾ അഭിനയത്തിൽ വളരെ സെലക്ടീവാണ് അർച്ചന. ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോവുകയാണ്. ഒരിക്കൽ കേരളത്തിൽ സിനിമ അവാർഡ് ജൂറി അംഗമായി ക്ഷണിച്ചിരുന്നു. കൊവിഡ് കാലമായതിനാൽ എത്താൻ കഴിഞ്ഞില്ല.

''ഷാജി സാറുമായി 35 വർഷത്തെ ബന്ധമാണുള്ളത്. സുഹൃത്ത്, സഹോദരൻ, എന്നതിനേക്കാൾ ഉയർന്ന അടുപ്പമാണത്. അതുകൊണ്ടാണ് ഒരു നിയോഗമെന്നപോലെ അദ്ദേഹത്തിന്റെ അന്ത്യത്തിന് തൊട്ടുമുമ്പും അതിനുശേഷവും പങ്കെടുക്കാനായത്. ഒരു മാസം മുമ്പ് പൂനെ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായിരിക്കുമ്പോഴാണ് അവസാനമായി സംസാരിച്ചത്. കൂടുതലൊന്നും

സംസാരിക്കാനാവുന്ന മാനസികാവസ്ഥയിലല്ല ഞാൻ. സാറിന്റെ മരണം അത്രയും വേദനിപ്പിക്കുന്നതാണ്."" സംസ്കാരത്തിനു ശേഷം അവർ പറഞ്ഞു.