വിഴിഞ്ഞം തുറമുഖം സമർപ്പിക്കാൻ പ്രധാനമന്ത്രി നാളെ എത്തും # ധന്യമുഹൂർത്തം വെള്ളിയാഴ്ച

Wednesday 30 April 2025 3:48 AM IST

വിഴിഞ്ഞം: കേരളത്തിന്റെ അഭിമാനമായി മാറിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകിട്ട് തലസ്ഥാനത്ത് എത്തും.രാജ് ഭവനിൽ തങ്ങും. വെള്ളിയാഴ്ചയാണ് ആ അവിസ്മരണീയ ദിനം. അന്ന് രാവിലെ പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തി അവിടെ നിന്ന് ഹെലികോപ്ടറിൽ 10.10ന് വിഴിഞ്ഞത്ത് വന്നിറങ്ങും. ഇതിനായി ബെർത്തിന് സമീപം ഹെലിപ്പാഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ബെർത്തും പി.ഒ.ബി മന്ദിരവും സന്ദർശിച്ച് കമ്മിഷനിംഗ് നടത്തിയ ശേഷം 11ന് ഉദ്ഘാടന പന്തലിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. 12ന് വിമാനത്താവളത്തിലേക്ക് മടങ്ങും. സുരക്ഷയുടെ ഭാഗമായ ട്രയൽ റൺ ഇന്ന് നടക്കും.

ഇന്ന് മുതൽ കനത്ത സുരക്ഷ

വിഴിഞ്ഞത്ത് ഇന്നുമുതൽ കനത്ത സുരക്ഷ. എസ്.പി.ജി സംഘം ഇന്നലെ എത്തിയതോടെ കടൽ അടക്കം തുറമുഖ മേഖല സുരക്ഷാ വലയത്തിലായി. ഡി. ജി.പി ഉൾപ്പെടെ 20 അംഗ എസ്.പി.ജി സംഘമാണ് എത്തിയത്. സുരക്ഷാ ക്രമീകരണം വിലയിരുത്താൻ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഓഫീസർമാർ ഇന്നലെ വിഴിഞ്ഞം തുറമുഖത്തെത്തി. പന്തൽ നിർമ്മാണം വിലയിരുത്തി. ഹെലിപാഡുകൾ സന്ദർശിച്ചു. ഇന്നു മുതൽ കൂടുതൽ സേന വിഴിഞ്ഞത്ത് എത്തും. എയർപോർട്ട് മുതൽ വിഴിഞ്ഞം വരെ 2000 ത്തോളം പൊലീസുകാരെയും രാജ്ഭവൻ വരെ 1000 ത്തോളം പൊലീസുകാരെയും വിന്യസിക്കും. വിഴിഞ്ഞത്ത് ഇടറോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കും. കോസ്റ്റ് ഗാർഡ്, നേവി, കോസ്റ്റൽ പൊലീസ് എന്നിവയും സുരക്ഷ ഒരുക്കും.