വിരമിക്കൽ ദിനത്തിന് തലേന്ന് വിജയൻ ഡെപ്യൂട്ടി കമൻഡന്റ്

Wednesday 30 April 2025 4:05 AM IST

തിരുവനന്തപുരം/ മലപ്പുറം: സർവീസിൽ നിന്ന് ഇന്നു വിരമിക്കാനിരിക്കേ ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസിൽ സ്ഥാനക്കയറ്റം. ആംഡ് പൊലീസ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമൻഡാന്റ് തസ്തികയിൽ നിന്ന് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു ഡെപ്യൂട്ടി കമൻഡാന്റായി സ്ഥാനക്കയറ്റം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐ.എം.വിജയൻ അപേക്ഷ നൽകിയിരുന്നു.

കഴിഞ്ഞ 26നു പൊലീസ് സേന വിജയന് ഔദ്യോഗിക വിടവാങ്ങൽ നൽകിയിരുന്നു. ഫുട്‌ബാളിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രത്യേക കേസായി ഡെപ്യൂട്ടി കമൻഡാന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് സ്ഥാനക്കയറ്റമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. രണ്ട് ദിവസമേ ഈ തസ്തികയിൽ പ്രവർത്തിക്കാനാവൂ എങ്കിലും ഉയർന്ന തസ്തികയിലെ ആനുകൂല്യങ്ങൾ ലഭിക്കും.1986 മുതൽ കേരള പൊലീസ് ടീമിന് വേണ്ടി അതിഥി താരമായി കളിച്ച വിജയന് 1987ൽ കോൺസ്റ്റബിളായി നിയമനം നൽകുകയായിരുന്നു കേരള പൊലീസ് ടീമിന്റെ സുവർണതലമുറയിെ നിർണായക കണ്ണിയായ വിജയൻ 1990ൽ തൃശൂരിലും 1991ൽ കണ്ണൂരിലും നടന്ന ഫെഡറേഷൻ കപ്പിൽ കിരീടം നേടിയ പൊലീസ് ടീമംഗമാണ്. 1993 ൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമംഗമായിരുന്നു. 2000-2004 കാലത്ത് ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനായിരുന്നു.

2021ൽ സൂപ്പർ ന്യുമററി തസ്തിക സൃഷ്ടിച്ചാണ് എംഎസ്പി അസിസന്റ് കമൻഡാന്റാക്കിയത്. അടുത്തിടെ വിജയന് പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.