ഇൻഡോർ റോവിംഗ്: ഹരിയാന ചാമ്പ്യന്മാർ

Wednesday 30 April 2025 4:07 AM IST

ആലപ്പുഴ: ദേശീയ റോവിംഗ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 9 സ്വർണവും ഒരു വെങ്കലവുമായി ഹരിയാന ജേതാക്കളായി. 6 സ്വർണവും 8 വെള്ളിയും ഉൾപ്പെടെ 26 മെഡലുകളുമായി അതിഥേയരായ കേരളം റണ്ണറപ്പായി. രണ്ടു സ്വർണവും ഒന്നു വീതം വെള്ളിയും വെങ്കലവുമായി ബംഗാളാണ് മൂന്നാമത്. കൂടുതൽ മെഡൽ നേട്ടം കേരളത്തിനാണ്.

സീനിയർ ആൺ, പെൺ, ജൂനിയർ ആൺ, പെൺ വിഭാഗങ്ങളിലും മിക്‌സഡ് ഫോർ വിഭാഗത്തിലും കേരളത്തിനാണ് കൂടുതൽ മെഡലുകൾ. സബ് ജൂനിയർ വിഭാഗത്തിൽ ഹരിയാനയ്ക്കാണ് കൂടുതൽ മെഡലുകൾ. കേരളത്തിനായി ജൂനിയർ വുമൺ വ്യക്തിഗത വിഭാഗത്തിൽ കെ.ഗൗരിനന്ദ, ജൂനിയർ മെൻ പെയർ വിഭാഗത്തിൽ ടി.എസ്.വിഷ്ണുരാജ്, ഋഷി എം.നായർ, വുമൺ പെയർ വിഭാഗത്തിൽ അലീന ആന്റോ, റോസ് മരിയ ജോഷി, മെൻ പെയർ വിഭാഗത്തിൽ കെ.എസ്.അദ്വൈത്, അദ്വൈത് ജെ.പി.നമ്പ്യാർ, ജൂനിയർ മിക്‌സഡ് ഫോറിൽ അലൻ ജോഷി, കെ.ഗൗരിനന്ദ, ഋഷി എം.നായർ, ബിൻസി ബിനു, ഓപ്പൺ മിക്‌സഡ് ഫോറിൽ കെ.എസ്.അദ്വൈത്, അലീന ആന്റോ, അദ്വൈത് ജെ.പി.നമ്പ്യാർ, റോസ് മരിയ ജോഷി എന്നിവർ സ്വർണം നേടി. സമാപന സമ്മേളനത്തിൽ റോവിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ എം.വി.ശ്രീറാം വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു.