ഫൈവ്‌സ്റ്റാർ സ്നേഹ, ഇന്ത്യയ്‌ക്ക് വിസ്മയ വിജയം
കൊളബോ: ത്രിരാഷ്‌ട്ര വനിതാ ഏകദിന ടൂർണമെന്റിൽ ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 15 റൺസിന്റെ വിസ്‌മയ വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 276 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 261 റൺസിന് ഓൾഔട്ടായി.
ഒരു ഘട്ടത്തിൽ മികച്ചനിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞാണ് ഇന്ത്യ ജയം പിടിച്ചുവാങ്ങിയത്.
അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നർ സ്നേഹ റാണയാണ് ഇന്ത്യയുടെ വിജയ ശില്പിയും കളിയിലെ താരവും.
വിക്കറ്റ് നഷ്‌ടമില്ലാതെ 140 റൺസ് എന്ന നിലയിൽ വിജയ വഴിയിലായിരുന്ന ദക്ഷിണാഫ്രിക്ക അടുത്ത 121 റൺസ് നേടുന്നതിനിടെ ഓൾഔട്ടായി. തസ്‌മിൻ ബ്രിറ്റ്‌സ് (107 പന്തിൽ 109) സെഞ്ച്വറിയുമായി മികച്ച ബാറ്റിംഗ് കാഴ്‌ചവച്ചെങ്കിലും അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ ബാറ്റിംഗ് തകർച്ച നേരിടുകയായിരിന്നു. ദക്ഷിണാഫ്രിക്കയുടെ അവസാന അഞ്ച് വിക്കറ്റുകൾ 21 റൺസിനിടെയാണ് നഷ്ടമായത്. അവസാന അഞ്ചോവറിനിടെയാണ് 5 വിക്കറ്റും നഷ്ടമായത്. നാലും നേടിയത് സ്നേഹയായിരുന്നു. ബ്രിറ്റ്‌സിനെക്കൂടാതെ ക്യാപ്ടൻ ലോറ വോൾവാർട്ട് (43), അന്നേറെ ഡെർക്‌സൺ എന്നിവരും ദക്ഷിണാഫ്രിക്കയ്‌ക്കായി തിളങ്ങി. നേരത്തേ ഓപ്പണർ പ്രതിക റാവലാണ് (78) ഇന്ത്യയുടെ ടോപ് സ്കോററായത്. ക്യാപ്‌ടൻ ഹർമ്മൻപ്രീത് (പുറത്താകാതെ 41), ജമീമ റോഡ്രിഗസ് (32 പന്തിൽ 41), സ്മൃതി മന്ഥന (36), റിച്ച ഘോഷ് (14 പന്തിൽ 24) എന്നവരും തിളങ്ങി.
500- വനിതാ ഏകദിത്തിൽ ഏറ്റവും വേഗത്തിൽ 500 റൺസ് തികയ്‌ക്കുന്ന താരമായി ഇന്ത്യൻ ഓപ്പണർ പ്രതിക റാവൽ. വെറും എട്ട് ഇന്നിംഗ്‌സിൽ നിന്നാണ് പ്രതിക 500 കടന്നത്. ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേർഡ്‌സിന്റെ പേരിലുണ്ടായിരുന്ന 27 വർഷം പഴക്കമുള്ല റെക്കാഡാണ് പ്രതിക തിരുത്തിയത്.
കോട്ടയത്ത് ഇന്നു മുതൽ
വമ്പൻ കരുനീക്കങ്ങൾ കോട്ടയം:
കോട്ടയം ചെസ് അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗോഡ്‌സ് ഓൺ കൺട്രീസ് ഇന്റർ നാഷണൽ ഗ്രാൻഡ് മാസ്റ്റർ ചെസ് ടൂർണമെന്റിന്റെ ആദ്യ എഡിഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ മേയ് 7വരെ കോട്ടയം കഞ്ഞിക്കുഴിയിലെ കോർട്ട് യാർഡ് ബാൻക്വറ്റ് ഹാളാണ് ടൂർണമെന്റിന് വേദിയാകുന്നത്.
16 രാജ്യങ്ങളിൽ നിന്നായി 232 പേരാണ് ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഇരുവിഭാഗങ്ങളിലുമായി ഏകദേശം 30 ലക്ഷത്തോളം രൂപ സമ്മാനത്തുകയായി നൽകും.
ഒന്നാം സീഡ് മുൻ യൂറോപ്യൻ ചാമ്പ്യനും അർമേനിയയുടെ ദേശീയ ചാമ്പ്യൻ ആയിരുന്ന ഗ്രാൻഡ് മാസ്റ്റർ കരൻ ഗ്രിഗോറിയൻ ആണ്. രണ്ടാം സ്വീഡായ ഗ്രാൻഡ് മാസ്റ്റർ മാനുവൽ പെട്രോഷ്യൻ മുൻ ലോക യൂത്ത് ചെസ് ചാമ്പ്യൻ ആണ്.
ഇന്ത്യയിൽ നിന്നുള്ളവരിൽ പ്രമുഖർ മുൻ ഏഷ്യൻ ജൂനിയർ ചാമ്പ്യൻ ഗ്രാൻഡ്മാസ്റ്റർ ദീപൻ ചക്രവർത്തി,ഗ്രാൻഡ്മാസ്റ്റർമാരായ ആർ ആർ ലക്ഷ്മൺ, കാർത്തികേയൻ പാണ്ഡ്യൻ തുടങ്ങിയവരാണ്.
ടൂർണമെന്റിലെ ഏറ്റവും പ്രായം കൂടിയ താരം, 67 കാരനായ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ റാസറ്റ് സിയാറ്റിനോ ആണ്.
മത്സരങ്ങൾ ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ചെസ് അസോസിയേഷൻ കേരളയുടെ പ്രസിഡന്റ് രാജേഷ് നാട്ടകത്തിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.