കൊള്ളാം കൊൽക്കത്ത
ന്യൂഡൽഹി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തി കൊൽക്കത്ത നൈറ്റ് റേഡേഴ്സ്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസേ നേടാനായുള്ളൂ. അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ ഫാഫ് ഡുപ്ലെസിസാണ് (45 പന്തിൽ 62) ഡൽഹിയുടെ ടോപ സ്കോറർ. പരിക്കിലും പതറാതെ ക്യാപ്ടൻ അക്ഷർ പട്ടേലും (23 പന്തിൽ 43) ,സ്ഥാനക്കയറ്റം കിട്ടിയ വിപ്രജ് നിഗമും(19 പന്തിൽ 38) നല്ല പ്രകടനം നടത്തി. നാലാം വിക്കറ്റിൽ ഡുപ്ലെസിസും അക്ഷറും 42 പന്തിൽ 76 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് കൊൽക്കത്ത ബൗളർമാർ പിടിമുറുക്കി. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ മൂന്നും വെങ്കിടേഷ് അയ്യർ 2 വിക്കറ്റും വീഴ്ത്തി. ക്യാപ്ടൻ അജിങ്ക്യ രഹാനെയ്ക്ക് പരിക്കേറ്റതിനാൽ അവസാന ഓവറുകളിൽ നരെയ്ൻ കൊൽക്കത്തയുടെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്തു.
നേരത്തേ ആരും അർദ്ധ സെഞ്ച്വറി നേടിയില്ലെങ്കിലും വെങ്കിടേഷ് അയ്യർ (7) ഒഴികെയുള്ള മുൻനിര ബാറ്റർമാർ നൽകിയ നിർണായക സംഭവനകളാണ് കൊൽക്കത്തയുടെ സ്കോർ 200 കടത്തിയത്. ഒരു ഘട്ടത്തിൽ കൊൽക്കത്ത 230 കടക്കുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് ഡെത്തോവറുകളിൽ ഉൾപ്പെടെ നന്നായി പന്തെറിഞ്ഞ് ബോളർമാർ ഡൽഹിയ്ക്ക് തുണയായി. അംഗ്രിഷ് രഘുവംശിയാണ് (32 പന്തിൽ 44) കൊൽക്കത്തയുടെ ടോപ് സ്കോറർ.അംഗ്രിഷിനൊപ്പം റിങ്കു സിംഗ് (25 പന്തിൽ 36), ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസ് (26), സുനിൽ നരെയ്ൻ (27), ക്യാപ്ടൻ അജിങ്ക്യ രഹാനെ (26),ബർത്ത് ഡേ ബോയ് ആന്ദ്രെ റസ്സൽ (17) എന്നിവരും കൊൽക്കത്തയെ 200 കടത്താൻ പ്രധാന സംഭാവന നൽകി. മിച്ചൽ സ്റ്റാർക്ക് ഡൽഹിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിപ്രജും ക്യാപ്ടൻ അക്ഷറും 2 വിക്കറ്റ് വീതം വീഴ്ത്തി.സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ മൂന്ന് വിക്കറ്റുകളാണ് (ഒരു റണ്ണൗട്ട് ഉൾപ്പെടെ ) വീണത്. ഇതിൽ അനുകുൽ റോയിയെ പുറത്താക്കാൻ ദുഷ്മന്ത ചമീര എടുത്ത ക്യാച്ച് ലോകോത്തരമായിരുന്നു. ജയത്തോടെ കൊൽക്കത്ത പ്ലേഓഫ് പ്രതീക്ഷ നിലനിറുത്തി.
വൈഭവിന് 10 ലക്ഷം
ജയ്പൂർ: ചരിത്രം കുറിച്ച സെഞ്ച്വറി ഇന്നിംഗ്സിന് പിന്നാലെ രാജസ്ഥാന്റെ കൗമാര വിസ്മയം വൈഭവ് സൂര്യംവംശിക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് ബിഹാർ സർക്കാർ പ്രഖ്യാപിച്ചു . ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ പാരിതിഷോകം നൽകുമെന്ന് പ്രഖ്യാപിച്ചത്. വൈഭവിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി കുറിച്ച് ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയമായിരിക്കുകയാണ് ഈ പതിന്നാലുകാരൻ. 210 റൺസ് എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനുവേണ്ടി ഓപ്പണറായി ഇറങ്ങി ഏഴുഫോറുകളും 11 സിക്സുകളും പറത്തിയ വൈഭവ് 38 പന്തുകളിൽ 101 റൺസടിച്ച് മടങ്ങുമ്പോഴേക്കും രാജസ്ഥാൻ ജയമുറപ്പിച്ചു. ഐ.പി.എൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവിനെ മൈഗാലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
ഞാൻ അടിക്കും സാർ
ബാല്യകാല കോച്ച് മനീഷ് ഓജയോട് പറഞ്ഞത് അക്ഷരം പ്രതി പാലിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശി. ഗുജറാത്തിനെതിരായ മത്സര ദിവസം രാവിലെ വൈഭവ് മനീഷിനെ വിളിച്ചിരുന്നു. ഫുട്ട്വർക്കിനെ കുറിച്ചും ബാറ്റിംഗ് ടെക്നിക്കിനെ കുറിച്ചും സംസാരിച്ച ശേഷം സാർ ഇന്ന് ഞാൻ അടിച്ച് തകർക്കുമെന്ന് വൈഭവ്
പറഞ്ഞതായി മനീഷ് വെളിപ്പെടുത്തി. അടിച്ചോളൂ പക്ഷേ വിക്കറ്റ് കളിക്കാതെ ശാന്തമായി കളിക്കാനാണ് താൻ നൽകിയ ഉപദേശമെന്നും മനീഷ് പറഞ്ഞു. പക്ഷേ അന്ന് രാത്രി അവൻ ചരിത്രം കുറിച്ചു. ദൈവം അനുഗ്രഹിച്ച കളിക്കാരനാണവൻ. - മനീഷ് പറഞ്ഞു.