കാഞ്ഞിരമറ്റം - പുത്തൻകാവ് റോഡ് അടച്ചു കുരുക്കിൽ വലഞ്ഞ് യാത്രക്കാർ
ചോറ്റാനിക്കര: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കാഞ്ഞിരമറ്റത്തുനിന്ന് പുത്തൻകാവിലേക്കുള്ള ഗതാഗതം നിരോധിച്ചതോടെ യാത്രാദുരിതം വർദ്ധിച്ചതിനാൽ റോഡ് നിർമ്മാണം വേഗത്തിൽ ആക്കണമെന്ന് ആവശ്യം ശക്തമായി. കാഞ്ഞിരമറ്റം - പുത്തൻകാവ് റോഡ് കുഴിയും കിടങ്ങുമായതോടെ റോഡ് അടച്ച് പുനർനിർമ്മാണം ആരംഭിച്ചതിനാൽ കാഞ്ഞിരമറ്റം, മുളന്തുരുത്തി പ്രദേശത്തെ ജനങ്ങൾ ഗതാഗതക്കുരുക്കിൽ വലയുകയാണ്.
കാഞ്ഞിരമറ്റത്തുനിന്ന് പുത്തൻകാവിലേക്ക് പോകാൻ യാത്രക്കാർ വിഷമിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ 15ദിവസംകൊണ്ട് പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികാരികളോട് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അനങ്ങുന്നില്ല.
റോഡ് നിർമ്മാണത്തിന്റെ മറവിൽ റോഡിന്റെ ഇരുഭാഗങ്ങളും അടച്ച് പൊതുമരാമത്ത് വകുപ്പ് പണി ആരംഭിച്ചില്ലെങ്കിലും നിർമ്മാണം ഇഴയുകയാണ്. രാപകൽ ഭേദമില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് വിവിധ റെസിഡന്റ്സ് അസോസിയേഷനുകളും ആവശ്യപ്പെടുന്നു.
നിലവിലെ പ്രശ്നങ്ങൾ
1 റോഡ് അടച്ചതോടെ പെരുമ്പളം, പൂത്തോട്ട നിവാസികൾ കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനിൽ എത്തണമെങ്കിൽ മുളന്തുരുത്തിയിലേക്ക് പോകേണ്ട അവസ്ഥയാണ്
2 കാഞ്ഞിരമറ്റത്തേക്കും പൂത്തോട്ടയിലേക്കും എത്താനാവാത്ത വിധത്തിൽ റോഡ് അടച്ചിട്ട് നിർമ്മാണ പ്രവർത്തനം നടത്തുന്നതിനാൽ പൂത്തോട്ടയിൽനിന്ന് വരുന്ന വാഹനങ്ങൾ ചുറ്റി വേണം കാഞ്ഞിരമറ്റത്ത് എത്താൻ
3 പ്രദേശത്ത് ഗതാഗതക്കുരുക്കും പതിവായി
കുരുക്കൊഴിവാക്കാൻ
1 തലയോലപ്പറമ്പിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ തലയോലപ്പറമ്പ് ടോൾവഴി പൂത്തോട്ടയിലേക്ക് കടത്തിവിട്ടാൽ കാഞ്ഞിരമറ്റം പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും
2 എറണാകുളത്തുനിന്ന് പിറവത്തേക്ക് പോകുന്ന വാഹനങ്ങൾ കണ്ടനാട് വട്ടുകുന്ന്, പാലസ് സ്ക്വയർ വഴി മുളന്തുരുത്തി കരവട്ടക്കുരിശിൽ എത്തിച്ച് പിറവത്തേക്ക് പോവുകയാണെങ്കിൽ മുളന്തുരുത്തി പള്ളിത്താഴത്തെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും
3 അവധി ദിനങ്ങളോട് അനുബന്ധിച്ച് ഗതാഗതക്കുരുക്ക് ശക്തമാകുന്നതിനാൽ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസുകാരെ നിയമിക്കണം
4 കാഞ്ഞിരമറ്റത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ഇരുചക്ര വാഹനങ്ങൾ, കാറുകൾ എന്നിവ മറ്റത്താൻകടവ് വഴി പൂത്തോട്ടയിലേക്ക് തിരിച്ചുവിട്ടാൽ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.