വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കം, ഓരോ മലയാളികൾക്കുമുള്ള സമ്മാനമെന്ന് മുഖ്യമന്ത്രി

Wednesday 30 April 2025 6:42 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കാനിരിക്കെ അന്താരാഷ്‌‌ട്ര തുറമുഖ നിർമ്മാണത്തിലെ നേട്ടം എടുത്തുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ കേരളത്തിലെ ഓരോ മലയാളികൾക്കുമുള്ള സമ്മാനമാണ് തുറമുഖമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് നിന്നും സാമ്പത്തിക മാറ്റത്തിന്റെ കാറ്റ് വീശുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പദ്ധതി ചെലവിന്റെ മൂന്നിൽ രണ്ടും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇന്ത്യയിൽ ഏറ്റവും ആഴത്തിലുള്ള പുലിമുട്ട് വിഴിഞ്ഞത്തേതാണ്.

ഉദ്ഘാടനത്തിന് മുൻപ് മൂന്ന് മാസമായി നടന്ന ട്രയൽറണിൽ 278 കപ്പലുകൾ വിഴിഞ്ഞത്തെത്തി. അഞ്ചര ലക്ഷം കണ്ടെയ്‌നറുകൾ ഇതുവരെ വിഴിഞ്ഞത്ത് എത്തിച്ചു. ഏത് കാലാവസ്ഥയിലും വിഴിഞ്ഞം തുറമുഖം പ്രവർത്തിക്കും. തുറമുഖം പ്രവർത്തനം ആരംഭിച്ച് 15 വർഷം കഴിഞ്ഞ് 2039ഓടെ സ‌ർക്കാരിന് വരുമാനം ലഭിച്ച് തുടങ്ങും എന്നായിരുന്നു ആദ്യ കരാർ.ഇത് സംസ്ഥാനത്തിന് നഷ്‌ടം ഉണ്ടാക്കി. എന്നാൽ ഇപ്പോഴത്തെ സപ്ളിമെന്ററി കരാർ അനുസരിച്ച് 2034ൽ തന്നെ വരുമാനം ലഭിച്ചുതുടങ്ങും. ഈ എൽഡിഎഫ് സർക്കാരിന്റെ ഉപകരാറാണ് തുറമുഖത്തിന് നേട്ടമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.