സാം കറന്‍ വക വെടിക്കെട്ട്, ചഹലിന് ഹാട്രിക്; ചെന്നൈ ഇന്നിംഗ്‌സിന് സഡന്‍ ബ്രേക്കും ആന്റി ക്ലൈമാക്‌സും

Wednesday 30 April 2025 9:38 PM IST

ചെന്നൈ: തുടര്‍തോല്‍വികളില്‍ വലയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പഞ്ചാബ് കിംഗ്‌സിനെതിരെ മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 19.2 ഓവറുകളില്‍ 190 റണ്‍സാണ് എല്ലാവരും പുറത്തായപ്പോള്‍ ചെന്നൈ നേടിയത്. ഓള്‍ റൗണ്ടര്‍ സാം കറന്‍ 47 പന്തുകളില്‍ നിന്ന് നേടിയ 88 റണ്‍സിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് സൂപ്പര്‍ കിംഗ്‌സിനെ തുണച്ചത്. ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടി എത്തിയാണ് കറന്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. ഒമ്പത് ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു കറന്റെ ഇന്നിംഗ്‌സ്.

ടീം സ്‌കോര്‍ 21ല്‍ എത്തിയപ്പോള്‍ ഷെയ്ഖ് റഷീദിന്റെ വിക്കറ്റ് 11(12) ആണ് ആദ്യം നഷ്ടമായത്. സഹ ഓപ്പണര്‍ ആയുഷ് മാത്രെ 7(6) റണ്‍സ് നേടി മടങ്ങി. 12 പന്തില്‍ 17 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ സിഎസ്‌കെയുടെ സ്‌കോര്‍ 5.5 ഓവറില്‍ 48ന് മൂന്ന്. പിന്നീട് വന്ന യുവതാരം ഡിവാള്‍ഡ് ബ്രെവിസ് 32(26) കറന് ഒപ്പം 78 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ പങ്കാളിയായി. 15ാം ഓവറില്‍ അസ്മത്തുള്ള ഒമര്‍സായ് ആണ് ബ്രെവിസിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ നാല് പന്തുകളില്‍ 11 റണ്‍സ് നേടി ക്യാപ്റ്റന്‍ എംഎസ് ധോണി 19ാം ഓവറില്‍ പുറത്തായി. ദീപക് ഹൂഡ 2(2) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി, ശിവം ദൂബെ 6(6) പത്താമനായി പുറത്തായി. പഞ്ചാബ് കിംഗ്‌സിനായി യുസ്‌വേന്ദ്ര ചഹല്‍ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. 19ാം ഓവറിലാണ് ചഹല്‍ എല്ലാ വിക്കറ്റുകളും വീഴ്ത്തിയത്. ഓവറിലെ രണ്ടാം പന്തില്‍ ധോണിയെ പുറത്താക്കിയ ചഹല്‍ അവസാന മൂന്ന് പന്തുകളില്‍ ദീപക് ഹൂഡ, അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ് എന്നിവരുടെ വിക്കറ്റുകള്‍ കൂടി പിഴുത് ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു.

ടീം സ്‌കോര്‍ അനായാസം 200 കടക്കുമെന്ന് തോന്നിച്ചിടത്ത് നിന്ന് എട്ട് പന്തുകള്‍ക്കിടെയാണ് ചെന്നൈയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ നിലംപൊത്തിയത്. അര്‍ഷദീപ് സിംഗ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ഒമര്‍സായ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.