ദേശീയ പാത പുറമ്പോക്കിൽ താമസിക്കുന്ന 29 കുടുംബങ്ങൾക്ക് പട്ടയം നൽകും;  റവന്യൂ മന്ത്രി കെ.രാജൻ

Wednesday 30 April 2025 10:30 PM IST

മലപ്പുറം: ജില്ലയിലെ പൊന്നാനി താലൂക്കിൽ നരിപ്പറമ്പ് ദേശീയപാത പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം അനുവദിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. 45 വർഷമായി ഈ സ്ഥലത്ത് വീട് വെച്ച് താമസിക്കുന്ന 29 കുടുംബങ്ങളുടെ സ്വപ്നമാണ് സർക്കാർ സാക്ഷാത്ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 60 വർഷം മുമ്പ് ദേശീയ പാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയായിരുന്നു ഇത്. എന്നാൽ പുതിയ അലൈൻമെന്റ് വന്നതോടെ ഈ സ്ഥലം ദേശീയ പാതക്ക് ആവശ്യമായി വന്നില്ല. തുടർന്ന് അവിടെ ആളുകൾ കുടിയേറി താമസിക്കാൻ തുടങ്ങുകയായിരുന്നു. പുതിയ ദേശീയ പാത അലൈൻമെന്റ് പ്രകാരം പാതയും ഈ സ്ഥലവും തമ്മിൽ 500 മീറ്റർ അകലമുണ്ട്. ഇവർക്ക് പട്ടയം നൽകുന്നതിന് ദേശീയപാത അതോറിറ്റിയുടെ നിരാക്ഷേപ പത്രം ആവശ്യമാണ്. എന്നാൽ പൊന്നും വിലക്ക് വാങ്ങിയ ഭൂമിയായതിനാൽ നിരാക്ഷേപ പത്രം നൽകാൻ ദേശീയ പാത അധികാരികൾ തയ്യാറായിരുന്നില്ല. അങ്ങനെയാണ് വിഷയം റവന്യൂ മന്ത്രി കെ.രാജന്റെ മുൻപാകെ വരുന്നത്. പൊന്നാനി എം.എൽ.എ പി. നന്ദകുമാറും വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രി ഇക്കാര്യത്തിൽ ലാന്റ് റവന്യൂ കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കൈവശക്കാരെ ഒഴിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും വില ഈടാക്കി ഭൂമി വിട്ടു നൽകാൻ തയ്യാറാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. തുടർന്ന് ദേശീയ പാത അതോറിറ്റിയുമായി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിലയീടാക്കാതെ ഭൂമി വിട്ടു നൽകാൻ തയ്യാറാണെന്ന് സമ്മതിച്ചു. റോഡ് പുറമ്പോക്ക് ഇനത്തിൽപ്പെട്ട ഭൂമി ഇനം മാറ്റുന്നത് സംബന്ധിച്ച തീരുമാനത്തിനായി കാബിനറ്റിലേക്ക് നൽകുകയും സർക്കാരിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് പ്രസ്തുത ഭൂമി റോഡ് പുറമ്പോക്ക് ഇനത്തിൽ നിന്നും തരിശ് ഇനത്തിലേക്ക് മാറ്റുകയും ചെയ്തു. അതോടെ ഈ ഭൂമിയിൽ താമസിക്കുന്ന കൈവശക്കാർക്ക് അർഹതയുടെ അടിസ്ഥാനത്തിൽ പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുവാൻ ജില്ലാ കളക്ടർക്ക് റവന്യൂ മന്ത്രി കെ.രാജൻ നിർദ്ദേശം നൽകി. ചെയ്തു. ഇതോടെ 29 കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പിന് വിരാമമായി.