പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അമ്മക്കപ്പൽ

Thursday 01 May 2025 12:51 AM IST

വിഴിഞ്ഞം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നത് കൂറ്റൻ അമ്മക്കപ്പൽ. തുറമുഖ ബെർത്തിൽ എത്തുന്ന പ്രധാനമന്ത്രി കപ്പലിൽ കയറിയേക്കും. ഇന്നലെ വൈകിട്ട് പുറംകടലിൽ എത്തിയ എം.എസ്.എസി സെലസ്റ്റീനോ മറെ സ്കാ എന്ന കപ്പൽ ഇന്ന് ബെർത്തിലടുപ്പിക്കും. 24,​116 ടി.ഇ.യു കണ്ടയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 399 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട്. 14.9 മീറ്ററാണ് കപ്പലിന്റെ ഡ്രാഫ്റ്റ്. പ്രധാനമന്ത്രി കപ്പലിൽ കയറുമെന്നത് മുൻകൂട്ടിക്കണ്ടുള്ള ഒരുക്കങ്ങൾ നടത്തി. ഇതിന്റെ ചുമതല തലസ്ഥാന കേന്ദ്രമായ വാട്ടർ വേ ആൻഡ് ഷിപ്പിംഗ് ലോജിസ്റ്റിക് എന്ന കമ്പനിക്കാണ്. കപ്പലിൽ കയറുന്നതിനുള്ള ഗ്യാംഗ് വേ (ഏണിപ്പടി) ഉൾപ്പെടെയുള്ളവയുടെ സുരക്ഷാ പരിശോധന എസ്.പി.ജി പൂർത്തിയാക്കി.