പുലിപ്പല്ല് കേസിൽ വേടന് ജാമ്യം
കൊച്ചി: ആരാധകൻ സമ്മാനിച്ച പുലിപ്പല്ല് കൈവശംവച്ച കേസിൽ മലയാളം റാപ്പ് ഗായകൻ വേടന്(30) ജാമ്യം. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടുപോകരുത്. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം.
വ്യാഴാഴ്ചകളിൽ സ്‌റ്റേഷനിൽ ഹാജരാകണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ. പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പുകവലിയും മദ്യപാനവും മോശമാണ്, തന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാർ ക്ഷമിക്കണം - പുറത്തിറങ്ങിയശേഷം വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വേടൻ രാജ്യംവിട്ടുപോകുമെന്നും തെളിവ് നശിപ്പിക്കുമെന്നുമായിരുന്നു ജാമ്യത്തെ എതിർത്ത് വനംവകുപ്പ് വാദിച്ചത്. ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്ന് വേടൻ കോടതിയെ അറിയിച്ചു.
തൃശൂരിലെ തെളിവെടുപ്പ് പൂർത്തിയാക്കി വൈകിട്ട് നാലോടെയാണ് കോടതിയിൽ ഹാജരാക്കിയത്. ജാമ്യാപേക്ഷയിൽ ഒരുമണിക്കൂറോളം വാദംനീണ്ടു. പുലിപ്പല്ല് സമ്മാനമായി കിട്ടിയതാണ്. ഇത് യഥാർത്ഥമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നു. മൃഗവേട്ട വകുപ്പ് നിലനിൽക്കില്ലെന്നും വേടന്റെ അഭിഭാഷകൻ പറഞ്ഞു.
നിയമം അറിയില്ലായെന്നത് ന്യായീകരണമല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. മുമ്പ് കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുണ്ടോയെന്നും ചോദിച്ചു. ഇല്ലെന്ന് വേടൻ അറിയിച്ചു. വൈകിട്ട് അഞ്ചരയോടെ കോടതി ജാമ്യം അനുവദിച്ചു.
ഫ്ലാറ്റിൽ കഞ്ചാവ് കണ്ടെടുത്ത കേസിൽ പിടികൂടിയപ്പോഴാണ് പുലിപ്പല്ല് മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വേടന്റെ വാദം
പുലിപ്പല്ല് നൽകിയ ആളെ കണ്ടെത്താൻ വനംവകുപ്പിനൊപ്പം നിൽക്കാം. സാധാരണക്കാരന് എങ്ങനെയാണ് പുലിപ്പല്ല് യഥാർത്ഥമാണോ വ്യാജനാണോയെന്ന് തിരിച്ചറിയാൻ സാധിക്കുക. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. വനംവകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണം. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കാം.
വനംവകുപ്പിന്റ വാദം
ഉന്നതസ്വാധീനമുള്ള വ്യക്തിയാണ് വേടൻ. തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. വേടന്റെ മാനേജരെ ചോദ്യം ചെയ്താൽ മാത്രമേ ഉറവിടം അറിയാനാകൂ. പുലിപ്പല്ല് നൽകിയതെന്ന് പറയുന്ന രഞ്ജിത്തിനെ കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണം ആവശ്യമാണ്. ജാമ്യം അനുവദിക്കരുത്.
'ലഹരിക്കെതിരായ വേട്ടയിൽ മുന്നോക്കമോ പിന്നാക്കമോ എന്ന വേർതിരിവില്ല. എന്നാൽ പുലിപ്പല്ല് പോലുള്ള വിഷയങ്ങളിൽ അവതാനതയോടെ നിലപാട് സ്വീകരിക്കും.
-മുഖ്യമന്ത്രി പിണറായി വിജയൻ