65 കഴിഞ്ഞവരെ പിരിച്ചുവിടൽ, 4000 അമ്മമാർ സ്കൂൾ അടുക്കളയ്ക്ക് പുറത്താകും

Thursday 01 May 2025 12:09 AM IST

പത്തനംതിട്ട: അറുപത്തിയഞ്ച് കഴിഞ്ഞ സ്കൂൾ പാചക തൊഴിലാളികളെ പിരിച്ചിവിടാനുള്ള നീക്കം നാലായിരത്തോളം പാവപ്പെട്ട വീട്ടമ്മമാരെ ബാധിക്കും. തൊഴിലാളികളിൽ 33 ശതമാനം പേർ 65 വയസിന് മുകളിലുള്ളവരാണ്. വരുന്ന അദ്ധ്യയന വർഷം മുതൽ നടപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ.

അവശതയുള്ളവർ പാചക തൊഴിലാളികളായി ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രായപരിധി നിശ്ചയിക്കാൻ സർക്കാരിന് ശുപാർശ ചെയ്തത്. സ്കൂൾ മാനേജിംഗ് കമ്മിറ്റികളാണ് ദിവസ വേതന അടിസ്ഥാനത്തിൽ പാചക തൊഴിലാളികളെ നിയമിക്കുന്നത്.

അതേസമയം,​ സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ അംഗീകൃത ട്രേഡ് യൂണിയനുകളുടെ യോഗം ചേരുന്നുണ്ട്.

ഇൻഷ്വറൻസും ക്ഷേമനിധിയും

പാചക തൊഴിലാളികൾക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി അപകട ഇൻഷ്വറൻസും ക്ഷേമനിധിയും ഏർപ്പെടുത്തണമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ശുപാർശ ചെയ്തു. തൊഴിലാളികൾ പൊള്ളലേറ്റ് മരിച്ച സംഭവങ്ങൾ ഉണ്ടായതോടെയാണിത്.

12560

ആകെ സ്കൂൾ പാചക തൊഴിലാളികൾ

4474

65വയസിന് മുകളിലുള്ളവർ

ആരോഗ്യത്തോടെ ജോലി ചെയ്യുന്ന എഴുപത് വയസിന് മുകളിലുള്ളവർ പാചക തൊഴിലാളികളായുണ്ട്. പ്രായപരിധി ശുപാർശ നടപ്പാക്കിയാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കണം

എ. ഹബീബ് സേട്ട്, സ്കൂൾ പാചക

തൊഴിലാളി കോൺഗ്രസ്

സംസ്ഥാന ജനറൽ സെക്രട്ടറി