കഞ്ചാവ് കേസ്, യു. പ്രതിഭയുടെ മകനെ ഒഴിവാക്കി

Thursday 01 May 2025 12:13 AM IST

ആലപ്പുഴ: എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ നിന്ന് യു.പ്രതിഭ എം.എൽ.എയുടെ മകൻ കനിവിനെ ഒഴിവാക്കി. കേസിലെ മൂന്നു മുതൽ ഒൻപതു വരെയുള്ള പ്രതികളെ ഒഴിവാക്കിയുള്ള ഇടക്കാല റിപ്പോർട്ട് അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എക്സൈസ് നൽകി. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഒന്നും രണ്ടും പ്രതികൾ മാത്രമാണ് ഇടക്കാല റിപ്പോർട്ടിൽ. ഒൻപതാം പ്രതിയായിരുന്നു കനിവ്.

എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഡിസംബർ 28നാണ് തകഴിയിൽ നിന്ന് കനിവ് ഉൾപ്പടെ ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. മകനെതിരെ കള്ളക്കേസ് എടുത്തതായി ആരോപിച്ച് യു.പ്രതിഭ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ആലപ്പുഴ എക്‌സൈസ് അസി.കമ്മിഷണർ എസ്.അശോക് കുമാർ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

ഇതേ കണ്ടെത്തലാണ് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലുമുള്ളത്. ഒന്നും രണ്ടും പ്രതികളിൽ നിന്നാണ് മൂന്നു ഗ്രാം കഞ്ചാവും ഇത് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ബോങ് എന്ന വസ്തുവും പിടിച്ചെടുത്തത്. മറ്റുള്ളവരെ പ്രതി ചേർക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ.