കീം-2025 കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ പൂർത്തിയായി

Thursday 01 May 2025 1:19 AM IST

തിരുവനന്തപുരം:കേരളത്തിലെ എൻജിനീയറിംഗ്,ഫാർമസി കോളേജുകളിലെ പ്രവേശനത്തിനായുള്ള കീം-2025 കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ വിജയകരമായി പൂർത്തിയായി.ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ 134 പരീക്ഷാ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായി പരീക്ഷ നടന്നു.ഡൽഹി,മുംബയ്,ചെന്നൈ,ബംഗളൂരു,ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. കേരളത്തിൽ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ദുബായിൽ നിന്നുമായി 1105 പേർ എൻജിനീയറിംഗ് പ്രവേശന പരീക്ഷയെഴുതി.കേരളത്തിൽ 33,304 പേരും മറ്റ് സ്ഥലങ്ങളിൽ നിന്ന് 111 പേരും ഫാർമസി കോഴ്സിനായുള്ള പരീക്ഷയെഴുതി. 2024 മുതൽ എൻജിനീയറിംഗ്,ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഓൺലൈനായി നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ കൂടുതൽ ലാബുകൾ ഇല്ലാത്തതിനാൽ കെൽട്രോണിന്റെ സഹായത്തോടെയാണ് താത്കാലിക ലാബുകൾ സ്ഥാപിച്ചത്.