ജില്ലയിൽ അഞ്ച് സീറ്റും തിരികെ പിടിച്ചില്ലെങ്കിൽ ഭാരവാഹികളെ മാറ്റും : കെ.സുധാകരൻ

Thursday 01 May 2025 12:25 AM IST

പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളും തിരികെപ്പിടിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ ഭാരവാഹികളെ തിരഞ്ഞുപിടിച്ചു മാറ്റുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. നവീകരിച്ച ഡി.സി.സി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കോൺഗ്രസ് എവിടെ നിൽക്കുന്നുവെന്ന് നേതാക്കളും പ്രവർത്തകരും ചിന്തിക്കണം. തിരഞ്ഞെടുപ്പുകളിൽ വലിയ അനാസ്ഥയും പിഴയും സംഭവിച്ചു. വരുന്ന പഞ്ചായത്ത് തിരഞ്ഞെ‌ടുപ്പിലും വിജയിക്കണം. ആ ഫലം കാണുമ്പോഴറിയാം കോൺഗ്രസ് എവിടെ നിൽക്കുന്നുവെന്ന്. എന്റെ ഗ്രൂപ്പും പറഞ്ഞ് വന്നാൽ ഞാൻ സംസാരിക്കുകയല്ല പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ഗ്രൂപ്പിനെയും കോൺഗ്രസ് അംഗീകരിക്കില്ല. സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായി ഇത്രയും തെളിഞ്ഞ രാഷ്ട്രീയ കാലാവസ്ഥ വേറെയില്ല. മൂന്നാംതവണ പിണറായി ജയിക്കില്ലെന്ന് സി.പി.എമ്മുകാർ തന്നെ തീരുമാനിച്ചിരിക്കുകയാണ്. പിണറായി ഭരണത്തോട് പാർട്ടിക്കുള്ളിൽ കടുത്ത വിമർശനമുണ്ട്. ഏകാധിപത്യം കൊണ്ട് ആ വിമർശനങ്ങളെ പിണറായി അടിച്ചമർത്തുകയാണ്. സി.പി.എമ്മുകാരെയും സ്വാധീനിക്കാൻ കോൺഗ്രസിന് കഴിയണം. ഇത്തവണ സി.പി.എമ്മിന്റെ വോട്ടുകൾ കോൺഗ്രസിന് കിട്ടും. മണി മേക്കിംഗ് ഭരണാധികാരിയാണ് പിണറായി വിജയൻ. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി നാടിന്റെ പണംമുക്കിയ മുഖ്യമന്ത്രി വേറെയില്ലെന്ന് സുധാകരൻ പറഞ്ഞു.

ശാന്തം, പാവം ഡി.സി.സി പ്രസിഡന്റ്

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ശാന്തനും പാവവുമാണെന്ന് കെ.സുധാകരൻ. ഡി.സി.സി ഓഫീസ് എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് അദ്ദേഹം നവീകരിച്ചത്. എല്ലാവരോടും സ്നേഹത്തോട് പെരുമാറുന്ന ദേഷ്യമില്ലാത്ത മനുഷ്യനാണ് സതീഷ് കൊച്ചുപറമ്പിൽ. ഗ്രൂപ്പുകളില്ലാതെ എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനുള്ള നേതൃശേഷി അദ്ദേഹത്തിനുണ്ടെന്ന് സുധാകരൻ പറഞ്ഞു.

ചടങ്ങിൽ സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ടീയകാര്യ സെക്രട്ടറി പ്രൊഫ.പി.ജെ.കുര്യൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ലിജു, പഴകുളം മധു, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, ഷാനിമോൾ ഉസ്മാൻ, നേതാക്കളായ കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, പി.മോഹൻരാജ്, അനീഷ് വരിക്കണ്ണാമല , ജോർജ് മാമ്മൻ കൊണ്ടൂർ, എ.സുരേഷ് കുമാർ, കെ.ജാസിം കുട്ടി, വെട്ടൂർ ജ്യോതി പ്രസാദ്, എ.ഷംസുദീൻ, സാമുവൽ കിഴക്കുപുറം, കെ.ജയവർമ്മ തുടങ്ങിയവർ സംസാരിച്ചു.