ചന്ദനപ്പള്ളി സെന്റ്‌ ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ഇന്ന് മുതൽ

Thursday 01 May 2025 12:27 AM IST

പത്തനംതിട്ട : ചന്ദനപ്പള്ളി സെന്റ്‌ ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ഇന്ന് മുതൽ 8 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ദിവസവും രാവിലെ 6.45ന് മൂന്നിന്മേൽ കുർബാന, വൈകിട്ട് 5.45ന് മദ്ധ്യസ്ഥ പ്രാർത്ഥന, സന്ധ്യനമസ്‌കാരം. രാവിലെ 6.45ന് ഡോ.സഖറിയാസ് മാർ അപ്രേമിന്റെ നേതൃത്വത്തിൽ കുർബ്ബാന. 10ന് പിതൃസ്മൃതി, 3ന് യൂത്ത് കോൺക്ലേവ് ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് ഉദ്ഘാടനം ചെയ്യും. ഫാ.എബി എ.തോമസ് അദ്ധ്യക്ഷത വഹിക്കും. ചിന്താജെറോം, അബിൻ വർക്കി, ശ്രീജിത്ത് പണിക്കർ, ഡോ.ലെജു പി തോമസ്, ഫാ.ജെയിൻ സി മാത്യു, രഞ്ജു എം.ജോയ്, നിതിൻ മണക്കാട്ടുമണ്ണിൽ, ബിബിൻ റോയി എന്നിവർ സംസാരിക്കും. അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രണ്ടിന് 10ന് വനിതാസംഗമം ജില്ലാകളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 3ന് രാവിലെ 9.30ന് തുമ്പമൺ ഭദ്രാസന ശതോത്തര രജത ജൂബിലിയുടെ ഭാഗമായി മതമൈത്രി സംഗമം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ.എബ്രഹാം മാർ സെറാഫിം അദ്ധ്യക്ഷത വഹിക്കും. 6.30ന് കലാപരിപാടി താലന്ത് സിനിമാതാരം പ്രണവ് ഏക ഉദ്ഘാടനം ചെയ്യും.