വികസന ദൗത്യത്തിന് മോദിയുടെ കരുതൽ

Thursday 01 May 2025 12:31 AM IST

ഇന്ത്യയുടെ അടിസ്ഥാന വികസനത്തിന് നരേന്ദ്ര മോദി സർക്കാർ നൽകുന്ന പ്രാധാന്യവും കേരളത്തോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതലുമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോഴും വ്യക്തമാകുന്നത്.

ഇന്ത്യയിൽ ഇത്രയും വലിയ പ്രാഥമിക തുക ലഭിച്ച ഏക തുറമുഖ പദ്ധതി വിഴിഞ്ഞമാണ്. രാഷ്ട്രീയം നോക്കാതെ മോദി സർക്കാർ പുലർത്തിയ ഇച്ഛാശക്തിയും വികസന പ്രതിബദ്ധതയുമാണ്, പലവട്ടം മങ്ങിയ കേരളത്തിന്റെ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി മാറാൻ ഇടയാക്കിയത്. കേരളത്തിന് തൊഴിലവസരങ്ങൾ ഒരുക്കുകയും ഇന്ത്യയെ ആഗോള കടൽവ്യാപാരത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

രാജ്യവ്യാപകമായി മോദി സർക്കാർ 2014 മുതൽ നടപ്പാക്കി കാണിച്ചുതന്ന വിവിധ വൻകിട വികസന പദ്ധതികളുടെ കൂടി ഭാഗമാണ്,​ സാഗർമാല പദ്ധതിയിൽത്തുടങ്ങി വിഴിഞ്ഞത്ത് എത്തിനിൽക്കുന്നത്. 89 തുറമുഖങ്ങളിലായി 31,​000 കോടിയുടെ നവീകരണ പദ്ധതിയാണ് സാഗർമാലയിൽ പൂർത്തിയായത്. 2014-15 ൽ നിന്ന് ആ പദ്ധതിയുടെ ശേഷി ഘട്ടം ഘട്ടമായി വർദ്ധിച്ചു വരികയുമാണ്. 26,​000 കോടി രൂപയുടെ 62 റോഡ് റെയിൽ കണക്റ്റിവിറ്റി പദ്ധതികൾ പൂർത്തിയായി. വിവിധ തുറമുഖങ്ങളിലേക്ക് 1500 കിലോമീറ്റർ നീളമുള്ള റോഡ്- റെയിൽ അനുബന്ധ പാതകളാണ് ഇതോടെ ഉപയോഗയോഗ്യമായത്. ഒമ്പത് തുറമുഖങ്ങളിൽ 45,865 കോടിയുടെ വ്യവസായവൽകരണ പദ്ധതികൾ നടപ്പായി. ഇതുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തോളം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ഉറപ്പാക്കി.

സാഗർമാല പദ്ധതിയുടെ ഭാഗമായി 1500 കോടി മുടക്കിൽ 21 തീരദേശ സാമൂഹിക വികസന പദ്ധതികൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കി. കഴിഞ്ഞ പത്തു വർഷത്തിനകം കേരളത്തിൽ മാത്രം 798.88 കോടിയുടെ ഇരുപത് പദ്ധതികളാണ് മോദി സർക്കാർ പൂർത്തിയാക്കിയത്. രാജ്യത്തെ മൊത്തം വികസനത്തിന്റെ പരിച്ഛേദമാണ് ഇത്. മോദി ഭരണത്തിൽ വികസനം എന്നത് വെറും വർത്തമാനമല്ല; മറിച്ച്, ഭാവിയിലേക്കുള്ള കുതിപ്പിന്റെ പടവുകളാണ്. വിവിധ സംസ്ഥാനങ്ങളിലായുള്ള നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിക്ഷേപിക്കാൻ ലോക വ്യാവസായിക സമൂഹം മുമ്പില്ലാത്ത വിധം താത്പര്യം കാണിക്കുന്നു. ഇന്ത്യയിലെ വികസനേച്ഛയുള്ള യുവതലമുറയ്ക്ക് ഈ പദ്ധതികളിലൊക്കെയുള്ള പങ്കാളിത്തവും,​തദ്ദേശവാസികൾക്കു നൽകുന്ന പ്രത്യേക പരിഗണനയും തൊഴിൽസാധ്യതകളും സങ്കല്പിക്കാൻ പോലും കഴിയാത്ത വിധമാണ്.