നിശ്ചയദാർഢ്യത്തിന്റെ സാഫല്യം

Wednesday 30 April 2025 11:32 PM IST

കേരളത്തിന്റെ സ്വപ്നസാഫല്യമായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കുന്ന ഈ ദിവസം കേരള ചരിത്രത്തിലെ സുവർണ മുഹൂർത്തമാണ്; സംസ്ഥാന സർക്കാരിനും ജനതയ്ക്കും അഭിമാന നിമിഷവും! ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്തിന്റെ മുൻകൈയിൽ ഇത്ര ബൃഹത്തായൊരു തുറമുഖം ഏറ്റെടുത്തു പൂർത്തിയാക്കുന്നത് ഇതാദ്യമാണ്. ഇന്ത്യയ്ക്ക് ലോകത്തിലേക്കും,​ ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശന കവാടമായിരിക്കും വിഴിഞ്ഞം.

ഇതോടെ,​ സമുദ്ര മാർഗമുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും ഇന്ത്യയും മാറുകയാണ്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ വിഭാവനം ചെയ്ത ഈ പദ്ധതിയുടെ കൊമേഴ്സ്യൽ ഓപ്പറേഷൻ 2024- ൽ തന്നെ ആരംഭിച്ചു. 2045-ൽ പൂർത്തീകരിക്കേണ്ട തുടർഘട്ടങ്ങൾ അതിനും പതിനേഴു വർഷം മുമ്പ് 2028-ൽ പൂർത്തിയാക്കാനാകും. ഒന്നാംഘട്ടം അതിവേഗം പൂർത്തിയാക്കി കമ്മീഷനിലെത്തിക്കാൻ കഴിഞ്ഞു. പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്ന ഇടതു മുന്നണി സർക്കാരിന്റെ ഭരണ സംസ്‌കാരത്തിന് മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം.

പരിമിതികൾ

തടസമായില്ല

കടുത്ത സാമ്പത്തിക പ്രയാസങ്ങൾ സംസ്ഥാനം നേരിടുന്ന ഘട്ടത്തിൽത്തന്നെയാണ് കേരളം വലിയ തുക ഇതിനായി കണ്ടെത്തിയത്. പ്രകൃതി ദുരന്തങ്ങളും കൊവിഡും ഒക്കെ സൃഷ്ടിച്ച പ്രയാസങ്ങളെ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ചാണ് കരാറിലെ ലക്ഷ്യസമയത്തിന് വളരെ മുമ്പുതന്നെ പദ്ധതി പൂർത്തിയാക്കുന്നത്. ആകെ ചെലവായ 8,867കോടി രൂപയിൽ 5,595 കോടി രൂപയും സംസ്ഥാന സർക്കാരാണ് മുടക്കുന്നത്. 2,454 കോടി രൂപ അദാനി വിഴിഞ്ഞം പോർട്ട് മുടക്കുന്നു. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 818 കോടി രൂപ, വി.ജി.എഫ് വായ്പാ രൂപത്തിലാണ്‌ കേന്ദ്രം ലഭ്യമാക്കുന്നത്. എന്നാൽ, ആ തുക ഇതുവരെ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല. അത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

രാജ്യത്തെ തന്നെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞത്തേത്. ഇത് ചരക്കുനീക്കം ത്വരിതപ്പെടുത്തും. ഐ.ഐ.ടി മദ്രാസും മാരിടൈം ടെക്‌നോളജിയും ചേർന്ന് വികസിപ്പിച്ച റഡാർ, സെൻസർ എന്നിവ ഉപയോഗിച്ചുള്ള വെസൽ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റമാണ് (വി.ടി.എം.എസ്) കപ്പലുകളുടെ ചലനങ്ങൾ നിയന്ത്രിക്കുന്നത്. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഡീപ് വാട്ടർ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമില്ല. രാജ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് ചരക്കിന്റെ വലിയ ശതമാനവും സിംഗപ്പൂർ, കൊളംബോ, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങൾ വഴിയാണ് ഇപ്പോൾ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതുവഴി ഇന്ത്യയ്ക്ക് പ്രതിവർഷം 200 മുതൽ 220 മില്യൺ ഡോളർ വരെ വരുമാന നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് കണക്ക്. ഈ വിഷമാവസ്ഥയ്ക്ക് വിഴിഞ്ഞം തുറമുഖം അന്ത്യം കുറിക്കും.

വികസനമെന്ന

സംസ്കാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന സങ്കല്പം രൂപപ്പെടുന്നത് 1996- ലാണ്. അന്നത്തെ ഇടതു മുന്നണി സർക്കാരാണ് ഇത് പ്രായോഗികമാക്കാനുള്ള ശാസ്ത്രീയ പഠനത്തിന് ഒരു സമിതിയെ നിയോഗിച്ചത്. പിന്നീട് പല കാരണങ്ങളാലും പദ്ധതി അനിശ്ചിതത്വത്തിലായി. 2006-ൽ മാത്രമാണ് പിന്നീട് പദ്ധതിക്ക് പുനർജീവനമുണ്ടായത്. 2009-ൽ പദ്ധതി പഠനത്തിനായി ഇന്റർനാഷണൽ ഫിനാൻസ്‌ കോർപറേഷൻ നിയോഗിക്കപ്പെട്ടു. 2010- ൽ ടെൻഡർ നടപടിയിലേക്കു കടന്നെങ്കിലും കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടു. തുടർന്നുള്ള ഘട്ടം പദ്ധതി പ്രായോഗികമാക്കാനുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു. മനുഷ്യച്ചങ്ങല മുതൽ 212 ദിവസം നീണ്ട ജനകീയസമരം വരെ എത്രയോ ജനമുന്നേറ്റങ്ങൾ!

ഇതിന്റെയൊക്കെ ഫലമായി 2015-ൽ ഒരു കരാറുണ്ടായി. പിന്നീട് 2016-ൽ വന്ന ഇടതു സർക്കാർ,​ കേവലം തറക്കല്ലു മാത്രമായി നിന്നിരുന്ന പദ്ധതിയെ പുനരുജ്ജീവിപ്പിച്ചു. ആ പദ്ധതിയാണ് ജാഗ്രത്തായ തുടർനടപടികളിലൂടെ 2024 ജൂലൈയിൽ ട്രയൽ റണ്ണിലേക്കും,​ ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിലേക്കും,​ തുടർന്ന് മദർഷിപ്പുകൾ ഉൾപ്പെടെ 265 കപ്പലുകൾ എത്തിച്ചേരുന്ന സ്ഥിതിയിലേക്കും ഇപ്പോൾ കമ്മീഷനിംഗിലേക്കും എത്തിയത്.

തിരുവനന്തപുരം നഗരത്തിനു ചുറ്റും നിർമ്മാണത്തിലുള്ള ഔട്ടർ റിംഗ്‌ റോഡുമായും വിഴിഞ്ഞത്തെ ബന്ധിപ്പിക്കുന്നതിലൂടെ ചരക്കു ഗതാഗതം സുഗമമാവും. തുറമുഖത്തെയും 10 കിലോമീറ്റർ അപ്പുറമുള്ള ബാലരാമപുരം റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റർ നീളമുള്ള ബ്രോഡ്‌ഗേജ് റെയിൽവേ ലൈൻ നിർമ്മാണത്തിലാണ്. അതിലുൾപ്പെട്ട ഒമ്പതു കിലോമീറ്റർ നീളമുള്ള തുരങ്കം രാജ്യത്തെ നീളമേറിയ രണ്ടാമത്തെ തുരങ്കപാതയാവും.

ഇങ്ങനെയൊരു തുറമുഖം നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകൾ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നവരുടെയുമെല്ലാം ആവലാതികൾ മനസിലാക്കി സമഗ്രമായ പുനരധിവാസ നടപടികൾ ആവിഷ്‌കരിക്കുവാൻ സംസ്ഥാന സർക്കാരിനു സാധിച്ചു. ജീവനോപാധി നഷ്ടപരിഹാരം, സാമൂഹ്യക്ഷേമ പദ്ധതികൾ, സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ തുടങ്ങി വൈവിദ്ധ്യമാർന്ന നടപടികളിലൂടെയാണ് പുനരധിവാസം ഉറപ്പാക്കിയത്. ജീവനോപാധി നഷ്ടപരിഹാര ഇനത്തിൽ ഇതുവരെ 107.28 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തത്. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, മത്സ്യബന്ധന തുറമുഖ നിർമ്മാണം, കുടിവെള്ള വിതരണം, നൈപുണ്യ പരിശീലന കേന്ദ്രം, സീഫുഡ് പാർക്ക്, ആശുപത്രി, വിദ്യാഭ്യാസ, കായിക മേഖലകൾക്കായുള്ള ഇടപെടലുകൾ, ഭവനപദ്ധതി തുടങ്ങി സമഗ്രമായ ഇടപെടലുകൾ നടത്തുവാനും സാധിച്ചു.

കേരളത്തിന്റെയും അതുവഴി രാജ്യത്തിന്റെയും ബഹുമുഖമായ മുന്നേറ്റത്തിന്റെ ഊർജ്ജ സ്രോതസായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുകയാണ്. ലോക വാണിജ്യ ഭൂപടത്തിൽ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വലിയ ചുവടുവയ്പ്പാണിത്. മാരിടൈം വിനിമയങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും ഹബ്ബായുള്ള കേരളത്തിന്റെ വളർച്ച ഇവിടെ ആരംഭിക്കുകയാണ്. ഒപ്പം,​ അന്താരാഷ്ട്ര ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായുള്ള ഇന്ത്യയുടെ കുതിപ്പിനും തുടക്കമാകുന്നു.