വേടനെ ജുവലറിയിലെത്തിച്ച് തെളിവെടുത്തു
തൃശൂർ: പുലിപ്പല്ല് കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ വിയ്യൂരിലെ ജുവലറിയിലും മുളങ്കുന്നത്തുകാവിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. എട്ടുമാസം മുമ്പ് താനാണ് വേടന് ലോക്കറ്റ് നിർമ്മിച്ചുനൽകിയതെന്ന് ജുവലറി ഉടമ സന്തോഷ് വനം വകുപ്പ് സംഘത്തിന് മൊഴി നൽകി. മറ്റൊരാളായിരുന്നു ലോക്കറ്റ് നിർമ്മിക്കാൻ സമീപിച്ചത്.
തിരികെ വാങ്ങിക്കൊണ്ടുപോയത് വേടനുംകൂടി എത്തിയായിരുന്നുവെന്നും പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആയിരം രൂപയാണ് വെള്ളി ലോക്കറ്റ് പണിയാനുള്ള കൂലിയായി നൽകിയതെന്നും ജുവലറി ഉടമ സന്തോഷ് പറഞ്ഞു. അവിടെ വച്ചാണ് മാലയ്ക്കൊപ്പം ലോക്കറ്റ് ചേർത്തത്. വേടൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
രാവിലെ ഏഴോടെയാണ് സംഘം തൃശൂരെത്തിയത്.
സിവിൽ സർവ്വീസ് പരിശീലനം
തിരുവനന്തപുരം:കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ & എംപ്ലോയ്മെന്റിന്റെ അക്കാഡമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേയ്ക്ക് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് ആധുനിക സൗകര്യങ്ങളോടെ പരിശീലനം നല്കുന്നു. ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് ഫീസിന്റെ 50% സബ്സിഡി ലഭിയ്ക്കുന്നതാണ്.വിവരങ്ങൾക്ക്: www.kile.kerala.gov.in/kileiasacademy. ഫോൺ: 8075768537,0471-2479966.
ബയോമെഡിക്കൽ എൻജിനീയർ
തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷൻ കേരളം ബയോമെഡിക്കൽ എൻജിനീയർ തസ്തികയിലെ കരാർ ഒഴിവിലേക്ക് 15വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.nam.kerala.gov.in, ഫോൺ : 0471 2474550.
ഹിന്ദി ദ്വിവത്സര ബി.എഡ് /ആചാര്യ കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം:കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന ദ്വിവത്സര ബി.എഡ് /ആചാര്യ കോഴ്സിന് മേയ് 15 വരെ അപേക്ഷിക്കാം. പ്ലസ് ടുവിനൊപ്പം 50% മാർക്കോടുകൂടി സാഹിത്യാചാര്യ/പ്രവീൺ പരീക്ഷയോ അല്ലെങ്കിൽ ഹിന്ദി ബി.എ./എം.എ എന്നീ പരീക്ഷയോ പാസ്സായവർക്ക് അപേക്ഷിക്കാം. എസി.സി,എസ്.ടി വിഭാഗങ്ങൾക്ക് 45% മാർക്കോടുകൂടി യോഗ്യതാപരീക്ഷ പാസ്സായാൽ മതി. നേരിട്ടോ ഓൺലൈൻ മുഖേനയോ അപേക്ഷിക്കാം. വെബ്സൈറ്റ്: www.keralahindipracharsabha.in.ഫോൺ: 0471 2321378, 9446458256