വരവിൽക്കവിഞ്ഞ സ്വത്ത്, കെ.എം. എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണം തടഞ്ഞു

Thursday 01 May 2025 1:06 AM IST

 ആശ്വാസം സുപ്രീംകോടതിയിൽ

ന്യൂഡൽഹി : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെയുള്ള സി.ബി.ഐ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവും എഫ്.ഐ.ആറുമാണ് സ്റ്റേ ചെയ്‌തത്.

അഴിമതി നിരോധന നിയമപ്രകാരം പൊതുസേവകനെതിരെ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. അനുമതി തേടിയില്ലെന്നും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി നിയമവിരുദ്ധമാണെന്നുമുള്ള എബ്രഹാമിന്റെ വാദമാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത,​ മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചത്. സുപ്രീംകോടതി വിധികൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നും വാദിച്ചു.

ഹർജിയിൽ സി.ബി.ഐ, പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്‌ക്കൽ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. എബ്രഹാമും ജോമോനും കോടതിയിലെത്തിയിരുന്നു.

എബ്രഹാമിനു വേണ്ടി അഭിഭാഷകരായ ആർ. ബസന്ത്, ജി. പ്രകാശ്, എസ്. ചന്ദ്രശേഖരൻ നായർ എന്നിവർ ഹാജരായി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയെന്ന് എബ്രഹാമിന്റെ ഹർജിയിൽ പറയുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം വസ്‌തുതാവിരുദ്ധവും വിജിലൻസ് കോടതി തള്ളിയതുമാണ്. മുംബയിലെയും തിരുവനന്തപുരത്തെയും ഫ്ളാറ്റുകൾ വാങ്ങിയത് വായ്‌പയെടുത്താണ്. കൊല്ലം കടപ്പാക്കടയിലെ സ്ഥലം കുടുംബ ഭാഗമായി കിട്ടിയതാണ്.

അനുകൂലിച്ച് സംസ്ഥാനം

എബ്രഹാമിന്റെ ഹർജിയെ സംസ്ഥാന സർക്കാർ അനുകൂലിച്ചു. സി.ബി.ഐക്ക് വിട്ട നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാരിന് വേണ്ടി അഡ്വ. ജയ്ദീപ് ഗുപ്‌ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവർ ചൂണ്ടിക്കാട്ടി. അതേസമയം, ജോമോൻ പുത്തൻപുരയ്‌ക്കലിന്റെ അഭിഭാഷകൻ എം.ആർ. അഭിലാഷ് ഹർജിയെ എതിർത്തു.