ശുചിത്വ സാഗരം സുന്ദര തീരം, കടൽത്തീരത്തുന്നിന്ന് നീക്കിയത് 1,54,316 കി. ഗ്രാം മാലിന്യം

Thursday 01 May 2025 1:08 AM IST

കോഴിക്കോട്: ഒറ്റദിവസം സംസ്ഥാനത്തെ കടൽത്തീരങ്ങളിൽ നിന്ന് നീക്കിയത് 1,54,316.2 കിലോഗ്രാം പ്സാസ്റ്റിക് മാലിന്യം. കൂടുതൽ കോഴിക്കോട് നിന്നാണ്. 25,023 കി. ഗ്രാം. കുറവ് കൊല്ലത്തും. 6,210 കി. ഗ്രാം. കടലും കടലോരവും പ്ലാസ്‌റ്റിക്‌ മുക്തമാക്കാനുള്ള ഫിഷറീസ്‌ വകുപ്പിന്റെ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് ഏകദിന പ്ലാസ്‌റ്റിക്‌ നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചത്. കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കി, സ്വാഭാവിക ആവാസവ്യവസ്ഥ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ബോധവത്കരണമായിരുന്നു ആദ്യ ഘട്ടം.

തദ്ദേശസ്വയംഭരണവകുപ്പ്, ക്ലീൻ കേരള മിഷൻ, ശുചിത്വമിഷൻ, വിവിധ സംഘടനകൾ തുടങ്ങിയവരുമായി സഹകരിച്ചാണ് പദ്ധതി. രണ്ടാംഘട്ടത്തിന് 90 ലക്ഷം രൂപയാണ് വകുപ്പിന് അനുവദിച്ചത്. 17,884 വോളന്റിയർമാരുടെ സഹകരണത്തോടെയാണ് മാലിന്യം ശേഖരിച്ചത്. മാലിന്യം തരംതിരിച്ച്, ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ എന്നിവർക്ക് കെെമാറി ഷെഡ്ഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി. ഇവ ശാസ്ത്രീയമായി സംസ്ക‌രിച്ച് ഉപയോഗിക്കും. പ്ലാസ്റ്റിക് കുപ്പികൾ, വലകളുടെ അവശിഷ്ടങ്ങൾ, ക്യാരി ബാഗുകൾ എന്നിവയാണ് ശേഖരിച്ചത്.

 മൂന്നാം ഘട്ടത്തിൽ

കടലും ക്ലീനാക്കും

പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കടലിലും ജലാശയങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യം നീക്കും. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക കൂട് കൊടുത്തുവിട്ട് മാലിന്യം ശേഖരിക്കും. മത്സ്യത്തൊഴിലാളികൾക്ക് ചെറിയ ഇൻസെന്റീവ് നൽകും. മാലിന്യം ഫിഷറീസ് വകുപ്പ് സംസ്കരിച്ച് പുനരുപയോഗിക്കും. നദികളിലേയും മറ്റ് ജലാശയങ്ങളിലേയും മാലിന്യവും ശേഖരിക്കും. പദ്ധതിയുടെ ഫണ്ട് അടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടക്കുകയാണെന്നും ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ജില്ല- ശേഖരിച്ച മാലിന്യം (കി. ഗ്രാമിൽ)​

തിരുവനന്തപുരം- 22,951

കൊല്ലം- 6,210

ആലപ്പുഴ- 8,965.6

എറണാകുളം- 10,916

തൃശൂർ- 14,491

മലപ്പുറം- 22,526.6

കോഴിക്കോട്- 25,023

കണ്ണൂർ-23,874

കാസർകോട്-19,359

 പദ്ധതി തുടരാനാണ് ലക്ഷ്യമിടുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ശുചീകരണ യജ്ഞം നടത്തും. മൂന്നാം ഘട്ടം ഉടനുണ്ടാകും.

- സതീശ് കുമാർ,

ഫിഷറീസ് ജോയിന്റ് ഡയറക്ടർ (പ്രോജക്ട്)