ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് വിടവാങ്ങി
കോട്ടയം:ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ അഭിമാനം വാനോളമുയർത്തിയ മുൻ മുഖ്യപരിശീലകനും,ദ്രോണാചാര്യ ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (84)അന്തരിച്ചു.കോട്ടയം ഉഴവൂരിലെ വീട്ടിൽ ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഭാര്യ:പ്രൊഫ.കെ.ജെ.ജോസമ്മ. മക്കൾ:മനോജ് സണ്ണി,സനിൽ സണ്ണി(ഇരുവരും എൻജിനിയർമാരും,ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻമാരും),ഡോ.സോണിയ സണ്ണി(വൈസ് പ്രിൻസിപ്പൽ പ്രജ്യോതി നികേതൻ കോളേജ് പുതുക്കാട്).മരുമക്കൾ: ഡോ.ബീന(സെന്റ് തെരേസാസ് കോളേജ്, എറണാകുളം),മഞ്ജു.ബി (ഇൻഫോപാർക്ക്),ദീപക് ജോർജ് (അസി. ജനറൽ മാനേജർ കാത്തലിക് സിറിയൻ ബാങ്ക്).ഇന്ന് ഉച്ചയ്ക്ക് 12.45ന് എറണാകുളം തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡീ പോറസ് ചർച്ച് സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.ഉഴവൂർ മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്തംബർ 26 നാണ് സണ്ണി തോമസിന്റെ ജനനം.കോട്ടയം സി.എം.എസ് കോളജിൽ നിന്ന് ഇംഗ്ളീഷിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം 1963ൽ തേവര സേക്രഡ് ഹാർട്ട് കോളേജിൽ താത്കാലിക അദ്ധ്യാപകനായി പ്രവേശിച്ചു.1964 മുതൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായി.1997ൽ വൈസ് പ്രിൻസിപ്പലായാണ് വിരമിച്ചത്.1965ൽ കോട്ടയം റൈഫിൾ ക്ലബിൽ ചേർന്നതാണ് സണ്ണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.5 തവണ സംസ്ഥാന ചാമ്പ്യനും,1976ൽ ദേശീയ ചാമ്പ്യനുമായിരുന്നു.1993 മുതൽ 2012 വരെ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു.2001ലാണ് രാജ്യം 'ദ്രോണാചാര്യ' നൽകി ആദരിച്ചത്.ഇന്ത്യ ആദ്യമായി രാജ്യവർദ്ധൻ സിംഗ് റാത്തോഡിലൂടെ 2004 ലെ ഏഥൻസ് ഒളിമ്പിക്സിൽ വെള്ളി നേടിയതും,2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര സ്വർണമണിഞ്ഞതും,2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ വിജയകുമാർ വെള്ളിയും,ഗഗൻ നാരംഗ് വെങ്കലം നേടിയതുമെല്ലാം സണ്ണി തോമസെന്ന പരിശീലകന്റെ കീഴിലാണ്.നാഷണൽ റൈഫിൽ അസോസിയേഷൻ ഒഫ് ഇന്ത്യ വൈസ് ചെയർമാൻ,കോട്ടയം അർച്ചറി അസോ.പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.