വിഴിഞ്ഞം: ക്രെഡിറ്റിനായി മത്സരമെന്ന് കെ. സുധാകരൻ

Thursday 01 May 2025 3:23 AM IST

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും മത്സരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. ഇരുവർക്കും പദ്ധതിയിൽ പങ്കില്ല. പദ്ധതിയുടെ യഥാർത്ഥ ക്രെഡിറ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ് ലഭിക്കേണ്ടത്. അദാനി പോർട്ടും സംസ്ഥാന സർക്കാരും ഇതുവരെ 8867 കോടി രൂപയാണ് പദ്ധതിയിൽ ചെലവഴിച്ചത്. ഇതിൽ കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ടായി (വി.ജി.എഫ്) 818 കോടി രൂപയാണ് നൽകുന്നത്. ഇത് സാധാരണയായി ഗ്രാന്റാണെങ്കിലും മോദി സർക്കാർ വായ്പയായിട്ടാണ് കേരളത്തിന് നൽകുന്നത്. തുച്ഛമായ തുക മുടക്കിയിട്ട് കേന്ദ്രം ഇത് തങ്ങളുടെ നേട്ടമായി കൊട്ടിഘോഷിക്കുന്നത് ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.