കുടുംബശ്രീയുടെ 'അരങ്ങ് ' കലാമേള അഞ്ച് മുതൽ
കൊല്ലം: കുടുംബശ്രീ അയൽക്കൂട്ട ഓക്സിലറി അംഗങ്ങൾക്കായി ' അരങ്ങ് ' കലാമേള ബ്ലോക്ക് ക്ലസ്റ്റർ തലം അഞ്ച് മുതൽ സംഘടിപ്പിക്കുന്നു. ഇത്തിക്കര മുഖത്തല കൊല്ലം ക്ലസ്റ്റർ, ശാസ്താംകോട്ട ചിറ്റുമല ക്ലസ്റ്റർ, ഓച്ചിറ, ചവറ കരുനാഗപ്പള്ളി ക്ലസ്റ്റർ, പത്തനാപുരം വെട്ടിക്കവല ക്ലസ്റ്റർ, കൊട്ടാരക്കര ചടയമംഗലം ക്ലസ്റ്റർ, പുനലൂർ അഞ്ചൽ ക്ലസ്റ്റർ എന്നിങ്ങനെ ജില്ലയിലെ 74 സി.ഡി.എസുകളുടെ പങ്കാളിത്തം ഉറപ്പാക്കി ആറ് ബ്ലോക്ക് ക്ലസ്റ്ററുകളായി ഒമ്പത് വരെ കലാ മത്സരങ്ങൾ നടത്തും.
പ്രാഥമിക ഘട്ടത്തിൽ നടത്തിയ എ.ഡി.എസ് മത്സരങ്ങളിൽ നിന്നുള്ള വിജയികളാണ് സി.ഡി.എസ് തലത്തിൽ മത്സരിക്കുന്നത്. തുടർന്ന്, മത്സരത്തിൽ വിജയിക്കുന്നവർ ബ്ലോക്ക് തലത്തിൽ പങ്കെടുക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. 18 മുതൽ 40 വയസ് വരെയുള്ള അയൽക്കൂട്ട ഓക്സിലറി അംഗങ്ങൾക്ക് ജൂനിയർ വിഭാഗത്തിലും 40 വയസിന് മുകളിലുള്ള അയൽക്കൂട്ട ഓക്സിലറി അംഗങ്ങൾക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. നാടകം, ചവിട്ട് നാടകം, ശിങ്കാരി മേളം എന്നീ ഇനങ്ങൾ മാത്രമാണ് പൊതു വിഭാഗം. വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം, മാപ്പിള പാട്ട്, പ്രച്ഛന്ന വേഷം, മിമിക്രി, സംഘ ഇനങ്ങളായ കേരള നടനം, ഭരതനാട്യം, തിരുവാതിര തുടങ്ങി 33 സ്റ്റേജ് ഇനങ്ങളിൽ പങ്കെടുക്കാം. കഥാരചന, ചിത്രരചന, കവിതാരചന തുടങ്ങി 16 സ്റ്റേജ് ഇതര ഇനങ്ങളുമുണ്ട്. ബ്ലോക്ക് ക്ലസ്റ്റർ അരങ്ങിലെ വിജയികൾ ജില്ലാതല അരങ്ങിൽ മാറ്റുരയ്ക്കും.