ഭർത്താവിനെ കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്ന കേസ്; ഭാര്യയെ കോടതി വെറുതെ വിട്ടു

Thursday 01 May 2025 11:58 AM IST

കൊല്ലം: ഉറങ്ങിക്കിടന്ന ഭ‌ർത്താവിനെ പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കേസിൽ ഭാര്യയെ വെറുതെ വിട്ടു. കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി റീനാ ദാസിന്റേതാണ് ഉത്തരവ്. 2017 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പളം സ്വദേശിയായ ഷാജിയാണ് (40) കൊല്ലപ്പെട്ടത്. കേസിൽ പേരയം പടപ്പക്കര എൻ എസ് നഗർ ആശാ വിലാസത്തിലെ ആശയെയാണ് (44) കോടതി വെറുതെ വിട്ടത്.

ഷാജി ആശയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മത്സ്യക്കച്ചവടക്കാരനായ ഷാജി മദ്യപിച്ച് ആശയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷാജി കട്ടിലിൽ കിടന്നുറങ്ങിയപ്പോൾ രാത്രി ഏഴ് മണിയോടെ ആശ ഭർത്താവിനെ പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കിടപ്പുമുറിയിലെ ഫാനിൽ ഷാജിയെ കെട്ടിത്തൂക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് കരുതി പിറ്റേന്ന് സംസ്‌കാരം നടത്തുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തിലാണ് ഷാജിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുണ്ടറ പൊലീസാണ് അന്വേഷണം നടത്തിയത്. 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും 15 തെളിവുകളും പ്രോസിക്യൂഷന്‍ ഭാഗത്ത് ഹാജരാക്കുകയും ചെയ്‌തെങ്കിലും സംശയാതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയെ കോടതി വെറുതേ വിട്ടത്. അഭിഭാഷകരായ പി.എ. പ്രിജി, എസ്. സുനിമോള്‍, വി.എല്‍. ബോബിന്‍, സിനു എസ്. മുരളി, എസ്. അക്ഷര എന്നിവരാണ് ആശയ്ക്കുവേണ്ടി ഹാജരായത്.