"ഒരുപാട് തവണ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ടുകളയല്ലേയെന്ന്, ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാം അവസാനിച്ചു"

Friday 02 May 2025 1:08 PM IST

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലി അർപ്പിച്ച് നടി ബീന ആന്റണി. ജീവിതം കൈവിട്ടുകളയരുതെന്ന് പലതവണ പറഞ്ഞതാണെന്നും ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ബീന വ്യക്തമാക്കി.

'ഈ ചെറിയ പ്രായത്തിൽ ജീവിതം കൈവിട്ടുകളഞ്ഞ പ്രിയ സഹോദരൻ. സീരിയലിൽ എന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദം. ഒരുപാട് തവണ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ടുകളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു. പ്രിയ സഹോദരന് വിട. നിത്യശാന്തി ലഭിക്കട്ടെ'- എന്നാണ് ബീന ആന്റണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ നടക്കും. നടൻ കിഷോർ സത്യ ഫേസ്‌ബുക്കിലൂടെയാണ്‌ മരണ വിവരം പുറത്തുവിട്ടത്. വിഷ്ണു പ്രസാദിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കരൾ നൽകാൻ മകൾ തയ്യാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് മരണം.

മാമ്പഴക്കാലം, റൺവേ, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, കാശി, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് പെൺമക്കളാണ്.