എന്റെ കേരളം പ്രദർശന വിപണന മേള 2025 നാളെ മുതൽ 10 വരെ

Saturday 03 May 2025 1:24 AM IST

പാലക്കാട്: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തോട് അനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്തെ മൈതാനത്ത് നാളെ വൈകീട്ട് അഞ്ചിന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനാവും. രാവിലെ ഒമ്പത് മുതൽ രാത്രി പത്തുവരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാർക്കിംഗ് സൗകര്യം ലഭ്യമാണ്.

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ തൊഴിൽമേള, വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായി സൗജന്യ കൗൺസലിംഗും പൊലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തിൽകൈമാറ്റ ചന്ത, ഫിഷ് സ്പാ, എ.ഐ പ്രദർശനവും ക്ലാസും പാലക്കാടൻ രുചിവൈഭവങ്ങളോടുകൂടിയ ഫുഡ് കോർട്ട്, സൗജന്യകുതിര സവാരി, ആധാർകാർഡ് എടുക്കാനും തെറ്റ് തിരുത്താനുൾപ്പടെ അക്ഷയയുടെ പ്രത്യേക സ്റ്റാൾ, സഹകരണ വകുപ്പിന്റെ പുഷ്പമേള, താരമ്യേന വിലക്കുറവിൽകർഷകർഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനം, പൊതുജനങ്ങൾക്ക് പാട്ട് പാടാൻഅവസരം നൽകുന്ന സിംഗിംഗ് പോയിന്റ്, പൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരക്കാൻകലാകാരനും മേളയിലുണ്ടാവും. വ്യവസായ വകുപ്പ് സംരംഭകർക്കായി ഹെൽപ് ലൈൻസെന്ററും കൈത്തറികരകൗശലം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രദർശനവും മേളയിൽഉൾപ്പെടും.

കലാസാസ്‌കാരിക പരിപാടിയുടെ ഭാഗമായി ഗസൽനിശ, നാടൻകലകളുടെ അവതരണം, തോൽപാവക്കൂത്ത്, ഏകപാത്ര നാടകം, കണ്യാർകളി, വയലിൻഫ്യൂഷ്യൻ, പൊറാട്ട് നാടകം, ഭിന്നശേഷി കലാകാരന്മാരുടെ നൃത്യ നൃത്തങ്ങൾ, കോമഡി ഷോ, നാടകം, ടാറനാ ബാൻഡിന്റെ ഫ്യൂഷൻസംഗീതം, സ്വരലയ ഓർക്കസ്ട്രയുടെ സ്വര രാഗ സുധ സംഗീത മെഗാ ഷോ, ഭരതനാട്യം, ഇരുള നൃത്തം, പൊറാട്ട് കള, മോഹിനിയാട്ടം കച്ചേരി തുടങ്ങി നിരവധി പരിപാടികൾനടക്കും.

വിവിധ വകുപ്പുകളുടെ തീംസർവീസ് സ്റ്റാളുകളും കൊമേഴ്ഷ്യൽസ്റ്റാളുകളും ഉൾപ്പെടെ 250ഓളം സ്റ്റാളുകൾമേളയുടെ ഭാഗമാകും. സമാപനം 10ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം വൈകീട്ട് ഘോഷയാത്രയുണ്ടാവും.