കളർകോട് അപകടത്തിൽ മരിച്ച മെഡി. വിദ്യാർത്ഥികളെ സർക്കാർ മറന്നു

Saturday 03 May 2025 12:34 AM IST

ആലപ്പുഴ: സിനിമ കാണാൻ പോകവേ അഞ്ചുമാസം മുമ്പ് വാഹനാപകടത്തിൽ മരിച്ച ആറ് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മന്ത്രിമാർ ഉറപ്പു നൽകിയ സാമ്പത്തിക സഹായം ലഭ്യമായില്ല.

ജീവൻ തിരികെ കിട്ടിയ നാല് പേർ തിരിച്ചുവരവിന്റെ പാതയിലാണ്. മെഡിക്കൽ വിദ്യാർത്ഥികൾ സമ്പന്ന കുടുംബാംഗങ്ങളെന്ന പൊതുവികാരവും കൂടിയായതോടെ സർക്കാർ ഇവരെ മറന്ന മട്ടാണ്. പഠനമികവ് കൊണ്ട് ആലപ്പുഴ ഗവ.മെഡിക്കൽ കാേളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ പലരുടെയും കുടുംബങ്ങൾ ഇടത്തരക്കാരാണ്. അപകടത്തിൽ മരിച്ച കാവാലം നെല്ലൂർ സ്വദേശി ആയുഷ് ഷാജിയുടെ കുടുംബത്തിന്റെ നിർധനാവസ്ഥ മനസ്സിലാക്കി പി.ടി.എ വീടും സ്ഥലവും വാങ്ങി നൽകുകയാണ്. ചെങ്ങന്നൂരിലാണ് ഏഴര സെന്റ് സ്ഥലവും വീടുംകൂടി 25 ലക്ഷം രൂപയ്ക്ക് വാങ്ങുന്നത്. നിരവധി അഭ്യുദയകാംക്ഷികൾ സഹകരിക്കുന്നുണ്ട്. അധികം വൈകാതെ ആയുഷിന്റെ കുടുംബത്തിന് വാടകവീട്ടിൽ അവിടേക്ക് മാറാനാകും. ആയുഷിന്റെ പിതാവിന് സ്വകാര്യ ആശുപത്രിയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാനും പി.ടിഎയ്ക്ക് കഴിഞ്ഞു. പലതവണ മന്ത്രിമാർക്ക് നിവേദനം നൽകിയിട്ടും ധനസഹായം സർക്കാർ പരിഗണിച്ചിട്ടില്ല. ഡിസംബർ മൂന്നിന് രാത്രി 9ന് ആലപ്പുഴ കളർകോട് ജംഗ്ഷനിലായിരുന്നു കെ.എസ്.ആർ.ടി.സി ബസ്സുമായി വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കൂട്ടിയിടിച്ചത്. അഞ്ച് വിദ്യാർത്ഥികൾ അന്നേദിവസവും, ഒരാൾ ദിവസങ്ങൾക്ക് ശേഷവും മരിച്ചു.

തിരികെ വരികയാണവർ

അപകടത്തിൽ രക്ഷപ്പെട്ട ചേർത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം സ്വദേശി ആനന്ദ് മനു, തൃപ്പൂണിത്തുറ സ്വദേശി ഗൗരി ശങ്കർ, ചവറ സ്വദേശി മുഹ്സിൻ മുഹമ്മദ് എന്നിവർ ക്ലാസുകളിൽ കയറി തുടങ്ങി. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്ന കൃഷ്ണദേവ് ശസ്ത്രക്രിയക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും, ഏറെ ഇഷ്ടപ്പെട്ടിരുന്ന ഫുട്ബാൾ അടക്കമുള്ള വിനോദങ്ങൾക്ക് വിലക്കുണ്ട്. മുഹ്സിന്റെ കൈയുടെ പരിക്ക് ഭേദപ്പെട്ടു. കാലുകൾക്ക് ഗുരുതരപരികേറ്റിരുന്ന ഗൗരിശങ്കറും ആനന്ദ് മനുവും ഊന്നുവടിയുടെ സഹായത്തോടൊണ് നടക്കുന്നത്. ഇരുവരുടെയും സഹായത്തിനായി കുടുംബങ്ങളും ആലപ്പുഴയിലേക്ക് സ്ഥലം മാറി.

എം.ബി.ബി.എസ് വിദ്യാർ‌ത്ഥികളുടെ കുടുംബങ്ങൾ സമ്പന്നരാണെന്ന മിഥ്യാധാരണ പൊതുവിലുണ്ട്. ആയുഷിന്റെ കുടുംബത്തെ ചേർത്തുനിർത്താനാകുന്നതിൽ സന്തോഷമുണ്ട്

-ഷാജി വാണിയപ്പുരയ്ക്കൽ,

പി.ടി.എ വൈസ് പ്രസിഡന്റ്