സി.എസ്.ഐ ഭാരവാഹികളുടെ നിയമനം ശരി വച്ച് സുപ്രീംകോടതി

Saturday 03 May 2025 1:35 AM IST

ന്യൂഡൽഹി: സി.എസ്.ഐ സഭാ തർക്കവുമായി ബന്ധപ്പെട്ട് സിനഡിനെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് നിലനിൽക്കുമെന്നും വ്യക്തമാക്കി. അതേസമയം ധർമ്മരാജ് റസാലത്തെ സഭാ മോഡറേറ്ററാക്കിയ നടപടി ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് മരവിപ്പിച്ചു. സി.എസ്.ഐ സഭാഭരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവും റദ്ദാക്കി.

2023 ജനുവരിയിൽ നടന്ന സി.എസ്.ഐ സിനഡ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. സിനഡ് ഭാരവാഹികളുടെ അടക്കം തിരഞ്ഞെടുപ്പ് നടന്നത് നിയമപ്രകാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ,സി.എസ്.ഐ സഭയിൽ ഡെപ്യൂട്ടി മോഡറേറ്റർ, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ ഭാരവാഹികളുടെ നിയമനവും സുപ്രീം കോടതി ശരി വച്ചു.

ഭാരവാഹികൾക്ക് തുടരാം. തിരഞ്ഞെടുപ്പ് ശരി വച്ച മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി നിലനിൽക്കും.

മോഡറേറ്റർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് വിരമിക്കാൻ മൂന്ന് വർഷം ശേഷിക്കണമെന്ന നിബന്ധന ധർമ്മരാജ് റസാലത്തിന്റെ കാര്യത്തിൽ പാലിച്ചില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. വിരമിക്കൽ പ്രായപരിധി 67ൽ നിന്ന് 70 വയസ്സായി വർദ്ധിപ്പിച്ച ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ആനുകൂല്യം ലഭിക്കില്ല. ബിഷപ്പ് ധർമരാജ്‌ റസാലത്തെ മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കിയ 2023 ജൂലായിലെ സിംഗിൾ ബെഞ്ച് വിധി സുപ്രീംകോടതി ശരി വച്ചു. സി.എസ്.ഐ സഭയിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച രണ്ടു മുൻ ജഡ്ജിമാർക്ക് ചുമതല കൈമാറാനുള്ള ഡിവിഷൻ ബെഞ്ച് വിധിയും റദ്ദാക്കി.മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്‌ത ഒരു കൂട്ടം അപ്പീലുകളിൻമേലാണ് സുപ്രീംകോടതി നടപടി.