നെല്ലുസംഭരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സപ്ളൈകോ

Saturday 03 May 2025 12:16 AM IST

കൊച്ചി: പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നെല്ലുസംഭരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് അറിയിച്ചു. ചില കേന്ദ്രങ്ങളിൽ നെല്ല് സംഭരണം വൈകുന്നുണ്ടെങ്കിലും കർഷകർക്ക് ആശങ്ക വേണ്ട.

പാലക്കാട് ജില്ലയിൽ രണ്ടുദിവസത്തിനകം നെല്ല് സംഭരിക്കും. വലിയ ലോറികളെത്താൻ കഴിയാത്ത ചെറിയ വഴികൾ മാത്രമുള്ള സ്ഥലങ്ങളിലാണ് സംഭരണം വൈകുന്നത്. ചെറിയ വാഹനങ്ങളും കയറ്റിറക്ക് തൊഴിലാളികളുടെ സേവനവും കിട്ടാത്തതുമാണ് വെല്ലുവിളി. പാലക്കാട് ജില്ല ലേബർ ഓഫീസറുമായും മില്ലുടമകളുമായും സപ്ലൈകോ അധികൃതർ ഇന്നലെ ചർച്ച നടത്തി. വാഹനങ്ങളുടെ കുറവ് പരിഹരിക്കാൻ മില്ലുടുമകളോട് ആവശ്യപ്പെട്ടു. കയറ്റിറക്ക് തൊഴിലാളികളുടെ സേവനവും ഉറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചു.

ആലപ്പുഴ ജില്ലയിലും നെല്ലു സംഭരണം വൈകുന്നത് പരിഹരിക്കാൻ മില്ലുടമകളുമായി ചർച്ച നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ നെല്ല് സംഭരണം പൂർത്തിയാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട് മാനേജിംഗ് ഡയറക്ടർ അറയിച്ചു.