ഡബിൾ സ്ട്രോംഗായി രൂപ മുന്നോട്ട്, മൂല്യവർദ്ധന നിയന്ത്രിച്ച് റിസർവ് ബാങ്ക് ഇടപെടൽ

Saturday 03 May 2025 12:18 AM IST

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഉയരുന്നു. ഇന്നലെ ഒരവസരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് മാസത്തിനിടെയിലെ ഉയർന്ന തലമായ 83.78 വരെ ഉയർന്നിരുന്നു. എന്നാൽ പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വാങ്ങിയതോടെ രൂപയുടെ മൂല്യം 84.58ലേക്ക് താഴ്ന്നു. നടപ്പു വാരം രൂപയുടെ മൂല്യത്തിൽ ഒരു ശതമാനം വർദ്ധനയാണുണ്ടായത്.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ നഷ്‌ടം പൂർണമായും രൂപ നികത്തി. ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാർ ഉടൻ ഒപ്പുവക്കുമെന്ന യു.എസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയും രൂപയ്ക്ക് കരുത്തായി. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധ ഭീതി ഒഴിയുമെന്ന സൂചന ലഭിച്ചതോടെ ഏഷ്യൻ രാജ്യങ്ങളുടെ നാണയങ്ങളുടെ മൂല്യം മെച്ചപ്പെടുകയാണ്.

വിദേശ നാണയ ശേഖരത്തിൽ വർദ്ധന

തുടർച്ചയായ എട്ടാം വാരത്തിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരം മെച്ചപ്പെട്ടു. ഏപ്രിൽ 25ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 198.3 കോടി ഡോളർ വർദ്ധിച്ച് 68,812.9 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 70,488.5 കോടി ഡോളറെന്ന റെക്കാഡിന് തൊട്ടടുത്തേക്ക് വിദേശ നാണയ ശേഖരം നീങ്ങുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഡോളർ, യൂറോ, യെൻ, ഫ്രാങ്ക് എന്നിവയടങ്ങുന്ന വിദേശ നാണയത്തിന്റെ മൂല്യം അവലോകന കാലയളവിൽ 216.8 കോടി ഡോളർ ഉയർന്ന് 58,066.3 കോടി ഡോളറിലെത്തി.