വെളിച്ചെണ്ണ വില തിളച്ചുമറിയുന്നു
കൊച്ചി: ഉപഭോക്താക്കളുടെ കുടുംബ ബഡ്‌ജറ്റ് അവതാളത്തിലാക്കി വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഉത്പാദന ഇടിവിനാൽ ഒരു വർഷത്തിനിടെ ആഭ്യന്തര വില ലിറ്ററിന് 150 രൂപയിൽ നിന്ന് 300 രൂപയായി ഉയർന്നു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ കാലാവസ്ഥ വ്യതിയാനം ഉത്പാദനം കുറച്ചതോടെ ഇന്ത്യൻ വെളിച്ചെണ്ണയ്ക്ക് ആവശ്യമേറി. കയറ്റുമതിയിലെ കുതിപ്പാണ് വിലക്കയറ്റം രൂക്ഷമാക്കുന്നത്.
ഇതോടെ കേരളത്തിൽ തെങ്ങുകൾ കരിഞ്ഞുണങ്ങുകയും രോഗബാധയേൽക്കുകയും ചെയ്തു. നേരത്തെ ഒരു തെങ്ങിൽ നിന്ന് ശരാശരി 60 മുതൽ 100 തേങ്ങ ഉത്പാദനമുണ്ടായിരുന്നത് നിലവിൽ 30 - 40 ആയി ഇടിഞ്ഞു. ഓരോ മാസവും വിളവെടുപ്പ് നടന്നിരുന്നത് ഇപ്പോൾ 40 - 60 ദിവസങ്ങളിലാണ് നടക്കുന്നത്.
തെങ്ങുകളിലുണ്ടായ മാറ്റം
പശ്ചിമതീര നെടിയതെങ്ങെന്ന നാടൻ ഇനമാണ് കേരളത്തിലെ പ്രധാന കൃഷി. 10 വർഷമായി ചെന്തെങ്ങ്, പതിനെട്ടാംപട്ട തുടങ്ങിയ കുള്ളൻ ഇനങ്ങൾക്കാണ് പ്രോത്സാഹനം. നാടൻ തെങ്ങിലെ 100 കിലോ നാളീകേരത്തിൽ നിന്ന് 70 കിലോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നു. കുള്ളൻ ഇനങ്ങളിൽ നിന്ന് 50 ശതമാനത്തിൽ താഴെയാണ് വെളിച്ചെണ്ണ ലഭിക്കുന്നത്.
മൂല്യവർദ്ധിത ഉത്പന്നങ്ങൾ
ഒന്നര പതിറ്റാണ്ടിന് മുൻപ് ദക്ഷിണേന്ത്യയിലെ 90 ശതമാനം നാളികേരവും വെളിച്ചെണ്ണ ഉത്പാദനത്തിനാണ് ഉപയോഗിച്ചിരുന്നത്. മൂല്യവർദ്ധന 10 ശതമാനം മാത്രമായിരുന്നു. നിലവിൽ നാളികേരത്തിൽ 30 ശതമാനം തേങ്ങാപ്പാൽ, തേങ്ങാപ്പാൽപ്പൊടി, ഡെഡിക്കേറ്റഡ് കോക്കനട്ട്, ഇളനീർ എന്നിവ ഉത്പാദിപ്പിക്കുന്നു.
കയറ്റുമതി കുതിക്കുന്നു
സംസ്ഥാനത്ത് വലിയ മില്ലുകളില്ല. അതിനാൽ കേരളത്തിലെ ഗുണമുള്ള തേങ്ങ അന്യസംസ്ഥാന ലോബികൾ ശേഖരിച്ച് തമിഴ്നാട് കങ്കയത്തിലെ മില്ലുകളിൽ വെളിച്ചെണ്ണയാക്കുകയാണ്. ഈ വെളിച്ചെണ്ണയാണ് ഉയർന്ന വിലയ്ക്ക് കയറ്റുമതി ചെയ്യുന്നത്.
ഉത്പാദനത്തിന് പ്രാധാന്യം നൽകാനും വിളവെടുപ്പിന് ശാസ്ത്രീയ രീതി അവലംബിക്കാനും സംവിധാനം വേണം. തേങ്ങ നാട്ടിൽ തന്നെ വെളിച്ചെണ്ണയാക്കാനും തയ്യാറാകണം
അഡ്വ. ജോബി ഡേവിഡ്
കേര കർഷകൻ
(കേരള സർക്കാരിന്റെ ഇസ്രായേൽ കൃഷിപഠന യാത്രാ സംഘാംഗം)
പാവറട്ടി, തൃശൂർ
പ്രധാന കയറ്റുമതി കേന്ദ്രങ്ങൾ
യു.എ.ഇ,
യു.എസ്,
ചൈന,
മലേഷ്യ,
മ്യാൻമർ,
ശ്രീലങ്ക
2024ലെ നാളികേര കയറ്റുമതി മൂല്യം - 1 ബില്യൺ