ദേശീയ കോ ലെന്റിംഗ് ഉച്ചകോടിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Saturday 03 May 2025 12:20 AM IST

കൊച്ചി: ദേശീയ കോ ലെന്റിംഗ് ഉച്ചകോടിക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് കൊച്ചിയിൽ ആതിഥേയത്വം വഹിച്ചു. സീഡ് (സിനർജൈസിംഗ് എമർജിംഗ് എന്റർപ്രൈസസ് ഡിജിറ്റലി) എന്ന പേരിലുള്ള ദേശീയ ഉച്ചകോടിയുടെ ഒന്നാമത്തെ സീസണിലൂടെ നിലവിലുള്ളതും വളർന്നു വരുന്നതുമായ എൻ,ബി.എഫ്‌.സികൾ, എച്ച്.എഫ്‌.സികൾ എന്നിവയുമായുള്ള കോ ലെന്റിംഗ് സഹകരണം ശക്തമാക്കാനാണ് ലക്ഷ്യം. ബാങ്കിന്റെ സ്ട്രാറ്റജിക് അലയൻസസ് ആൻഡ് ഡിജിറ്റൽ ബിസിനസ് ഡിപാർട്ട്‌മെന്റാണ് സീഡ് ഉച്ചകോടി സംഘടിപ്പിച്ചത്. റീട്ടെയിൽ, കൃഷി, എം.എസ്.എം.ഇ മേഖലകളിൽ കോ ലെന്റിംഗ് പങ്കാളികളെ പ്രയോജനപ്പെടുത്താനുള്ള ബാങ്കിന്റെ ദീർഘകാല കാഴ്ചപ്പാടുമായി (invite, identify and engage) യോജിച്ചു പോകുന്നതാണിത്. പ്രമുഖ എൻ.ബി.എഫ്‌.സികൾ, എച്ച്.എഫ്‌.സികൾ പങ്കെടുത്ത ഉച്ചകോടിയിൽ ബാങ്കുമായി സഹകരിക്കാവുന്ന വിവിധ കോലെന്റിംഗ് സംവിധാനങ്ങൾ അവതരിപ്പിച്ചു.

സമഗ്രമായ വായ്പാ സംവിധാനങ്ങൾ ലഭ്യമാക്കി ബിസിനസ് വളർച്ചയെ പിന്തുണയ്ക്കുന്ന നൂതന ധനസഹായ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ചർച്ചകളാണ് സീഡിന്റെ ആദ്യ സെഷനിൽ നടന്നത്. ഭവന വായ്പകൾ, പേഴ്‌സണൽ വായ്പകൾ, ബി.എൻ.പി.എൽ (ഇപ്പോൾ വാങ്ങി പിന്നീടു പണം നൽകുന്ന രീതി )കാർഷിക-കാർഷികേതര സ്വർണ പണയ വായ്പകൾ, പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾക്കുള്ള റീട്ടെയിൽ, വാണിജ്യ വായ്പകൾ, സുരക്ഷിതവും അല്ലാത്തതുമായ വിദ്യാഭ്യാസ വായ്പകൾക്കു സഹായകരമാകുന്ന നിരവധി കോ ലെന്റിംഗ് സംവിധാനങ്ങളെപ്പറ്റിയും ഉച്ചകോടിയിൽ ചർച്ച ചെയ്തു.