എത്തിയത് ലഹരി പൊക്കാൻ; കണ്ടത് അനാശാസ്യ കേന്ദ്രം
കൊച്ചി: പൊലീസ് എത്തിയത് ലഹരി ഇടപാടുകാരെ പൊക്കാൻ. എന്നാൽ കുടുങ്ങിയത് സ്പായുടെ മറവിൽ ഫോർ സ്റ്റാർ ഹോട്ടലിൽ അനാശാസ്യകേന്ദ്രം നടത്തിയവർ. സംഘത്തിന്റെ ചതിയിൽപ്പെട്ട 11 യുവതികളെ രക്ഷപ്പെടുത്തി. സ്പാ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരും അറസ്റ്റിലായി. മുഖ്യപ്രതിയായ സ്പാ ഉടമ ഒളിവിലാണ്. രക്ഷപ്പെട്ട യുവതികളിൽ ഒരാളുടെ പരാതിയിലാണ് അറസ്റ്റ്. വൈറ്റിലയിലെ ആർട്ടിക്ക് ഹോട്ടലിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മലപ്പുറം നരുവറ അത്തിമണ്ണിൽ വീട്ടിൽ നൗഷാദ് അലി (38), എറണാകുളം മഞ്ഞുമ്മൽ മണവാളൻ വീട്ടിൽ വർഗീസ് ജോൺ പോൾ (30), ഇൻഫോപാർക്കിലെ ജീവനക്കാരനായ യുവാവ്, എറണാകുളം സ്വദേശി എന്നിവരാണ് പ്രതികൾ. ഇടപാടുകാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വർഗീസ് ജോൺ പോൾ പൊലീസ് കസ്റ്റഡിലാണ്. ഇയാളെ കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതിയായ നൗഷദിനായി മരട് പൊലീസ് അന്വേഷണം ഊർജിതമാക്കി.
കൊവിഡ് വ്യാപനത്തിന്റെ മറപറ്റിയാണ് അനധികൃത മസാജ് കേന്ദ്രങ്ങൾ ജില്ലയിൽ വ്യാപകമായി ഉയർന്നത്. കൊച്ചിയിൽ മാത്രം 100ലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നും മറ്റും യുവതികൾ എത്തുന്നുണ്ട്.
വഴിതുറന്ന് രഹസ്യവിവരം വൈറ്റിലയിൽ നാലു നിലയിൽ പ്രവർത്തിക്കുന്ന ഫോർ സ്റ്റാർ ഹോട്ടലാണ് ആർട്ടിക്ക്. ഇതിന്റെ മൂന്നാം നിലയിൽ ലഹരിയിടപാട് നടക്കുന്നുണ്ടെന്നായിരുന്നു ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരം. അന്വേഷിച്ച് എത്തിയപ്പോഴാണ് ഒരുവർഷമായി പ്രവർത്തിച്ച് വരികയായിരുന്ന അനാശാസ്യകേന്ദ്രമാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. വിവരം മരട് പൊലീസിനെ അറിയിച്ചു. യുവതികളെ രക്ഷപ്പെടുത്തി.
ഇരകൾ യുവതികൾ ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള, കൊച്ചിയിലും സമീപ പ്രദേശങ്ങളും താമസിക്കുന്ന യുവതികളെയാണ് റാക്കറ്റ് ചതിയിൽപ്പെടുത്തിയത്. ഇതിൽ ഒരാളെ മാനേജരാക്കിയായിരുന്നു പ്രവർത്തനം. രക്ഷപ്പെട്ടവരിൽ ഒരു യുവതി മാത്രമാണ് സ്പാ കോഴ്‌സ് പാസായിട്ടുള്ളത്.
ലക്ഷങ്ങൾ പോക്കറ്റിൽ പ്രതിമാസം മൂന്നര ലക്ഷത്തിലധികം രൂപയാണ് അനാശാസ്യ കേന്ദ്രത്തിലൂടെ നൗഷാദ് സമ്പാദിച്ചിരുന്നത്. നടത്തിപ്പുകാരനായ വർഗീസ് ജോൺ പോളിനും മാനേജരായ യുവതിക്കും 20,000 രൂപ വീതവും മറ്റുള്ളവർക്ക് 15,000 രൂപയുമാണ് നൽകിയിരുന്നത്. അനാശാസ്യത്തിലൂടെ വേറെയും വരുമാനം യുവതികൾക്ക് ലഭിക്കും. സ്പായുടെ യാതൊരു സാമഗ്രികളും ഇവിടെ ഉണ്ടായിരുന്നില്ല.