സമുദ്രോത്പന്ന വ്യവസായം: ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ വേണം കർമ്മപദ്ധതി

Saturday 03 May 2025 1:39 AM IST

കൊച്ചി: സമുദ്രോത്പന്ന വ്യവസായത്തിൽ കേരളത്തിന് നഷ്‌ടമായ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാൻ സമഗ്രവും ശാസ്ത്രീയവും മത്സ്യപ്രവർത്തകരുമായി കൈകോർത്തും അനുയോജ്യമായ പദ്ധതികൾ നടപ്പാക്കണമെന്ന് വിദഗ്ദ്ധർ. അന്താരാഷ്ട്ര വ്യവസ്ഥകൾ പാലിച്ച് മത്സ്യക്കൃഷിയും സംസ്‌കരണവും കയറ്റുമതിയും വർദ്ധിപ്പിക്കാൻ നിരവധി സാദ്ധ്യതകൾ കേരളത്തിനുണ്ടെന്ന് അവർ പറഞ്ഞു.

സമുദ്രോത്പന്ന വ്യവസായത്തിന് വികസന പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.എം.എഫ്.ആർ.ഐ) ചേർന്ന യോഗത്തിലാണ് നിർദ്ദേശങ്ങൾ. ജൂൺ 12, 13 തിയതികളിൽ മുംബയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിഷറീസ് ടെക് എക്‌സ്‌പോ 2025 ന്റെ മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്.

മത്സ്യബന്ധന കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയതായി മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്സ് ഡവലപ്‌മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ ) അറിയിച്ചു. സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്‌സ് കെ. നൈനാൻ, സെക്രട്ടറി എസ്. രാമകൃഷ്ണൻ, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, എം.പി.ഇ.ഡി.എ അസിസ്റ്റന്റ് ഡയറക്ടർ ശക്തിവേൽ, സിഫ്‌റ്റ് ഡിവിഷൻ ഹെഡ് ഡോ. നികിത ഗോപാൽ, വി.ഐ.എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജെ.പി. നായർ, ഡയറക്ടർ മംഗള ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

സമുദ്രോത്പന്ന കയറ്റുമതിയുടെ തലസ്ഥാനമായിരുന്ന കേരളത്തിൽ പല സംസ്‌കരണ യൂണിറ്റുകളും നിശ്ചലാവസ്ഥയിലാണ്. നിർണായക നടപടികൾ എടുത്തില്ലെങ്കിൽ ആന്ധ്രാപ്രദേശ് ഉൾപ്പെടെ തീരദേശ സംസ്ഥാനങ്ങൾ മുന്നേറുമ്പോൾ കേരളം കൂടുതൽ പിന്നോട്ടാകും.

ഡോ. കെ.എൻ. രാഘവൻ

സെക്രട്ടറി ജനറൽ

സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ

അടിത്തട്ടിലെ ട്രോളിംഗ് നിറുത്തുക, വലിയ തോതിൽ മത്സ്യകൃഷി ആരംഭിക്കുക എന്നിവയാണ് മുന്നോട്ടുള്ള വഴി. ഫാക്ടറികൾ നിലനിറുത്തുന്നതിന് ചെമ്മീൻ, മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കണം

അൻവർ ഹാഷിം

അബാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ

ഉപയോഗശൂന്യമായി മത്സ്യക്കൃഷി സാദ്ധ്യത പ്രദേശങ്ങൾ

2023-24 ൽ രാജ്യത്തെ സമുദ്ര മത്സ്യ ഉത്പാദനത്തിൽ 6.33 ലക്ഷം മെട്രിക് ടൺ സംഭാവന ചെയ്തു, ദേശീയതലത്തിൽ രണ്ടാം സ്ഥാനമാണിത്.

ചെമ്മീൻ കൃഷിയിൽ കേരളത്തിന്റ 2,571 മെട്രിക് ടൺ ഉത്പാദനം, ആന്ധ്രാപ്രദേശിന്റെ 9.64 ലക്ഷം മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ പിന്നിലാണ്. എറണാകുളം, ആലപ്പുഴ, തൃശൂർ, കൊല്ലം എന്നിവയാണ് പ്രധാന ചെമ്മീൻ ഉത്പാദന കേന്ദ്രങ്ങൾ. 9,120 ഹെക്ടർ മത്സ്യക്കൃഷിക്ക് സാദ്ധ്യതയുള്ള പ്രദേശത്തിന്റെ ഭൂരിഭാഗവും ഉപയോഗശൂന്യമായി തുടരുകയാണ്.

സംസ്ഥാനത്തിന്റെ സമുദ്ര, ഉൾനാടൻ ജലസ്രോതസുകൾ

590 കിലോമീറ്റർ തീരപ്രദേശം

87,000 ഹെക്ടർ ശുദ്ധജലം

[65,000 ഹെക്ടർ ഉപ്പുവെള്ളം

കേരളത്തിന്റെ കയറ്റുമതി

2023-24ൽ 7231.84 കോടി രൂപ

ഇന്ത്യൻ കയറ്റുമതിയുടെ 11.9 ശതമാനം