കൊച്ചി കാണാം,​ 'സ്മാർട്ടായി'

Saturday 03 May 2025 1:50 AM IST

കൊച്ചി: ചരിത്രമുറങ്ങുന്ന കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃകക്കാഴ്ചകളിലേക്ക് ഇനി ഒറ്റ 'ക്ലിക്കിൽ" യാത്രചെയ്യാം! ഓരോ കാഴ്ചയും ദൃശ്യമികവോടെ മുന്നിലെത്തുന്ന ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) യാഥാർത്ഥ്യമായതോടെ ലോകത്തിന്റെ ഏതു മൂലയിലിരുന്നും കൊച്ചിയെ അടുത്തറിയാം. സൈറ്റ്: www. gcdaheritagesitemapping.in. പൈതൃക ഇടങ്ങളുടെ പേരും സ്ഥാനവും സാറ്റലൈറ്റ് മാപ്പിലായി ഒരു വിൻഡോയിൽ കാണാം. ക്ലിക്ക് ചെയ്താൽ ജിയോ ടാഗ് ചെയ്ത ചിത്രങ്ങൾ, വീഡിയോകൾ, ചരിത്രപരമായ പ്രാധാന്യം, നിലവിലെ അവസ്ഥ, വാർഡിന്റെ പേര്, നമ്പർ തുടങ്ങിയ സമഗ്ര വിവരങ്ങൾ ലഭ്യമാകും. വിനോദസഞ്ചാരികൾ, ഗവേഷകർ തുടങ്ങിയവർക്കും സർക്കാർ ഏജൻസികൾക്കും സഹായകമായ സംവിധാനമാണ് ടൂറിസം വകുപ്പിന്റെയും സി ഹെഡിന്റെയും സഹകരണത്തോടെ ജി.സി.ഡി.എ പദ്ധതി ഒരുക്കിയത്. ജില്ലയിലെ എല്ലാ പൈതൃക-ടൂറിസം ഇടങ്ങളും ജി.ഐ.എസ് ശൃംഖലയുടെ ഭാഗമാകും.

ചീനവല കൊച്ചിയുടെ മുഖമുദ്ര‌യായ ചീനവല നൂറ്റാണ്ടുകൾക്ക് മുൻപ് ചൈനയുമായുണ്ടായിരുന്ന വ്യാപാരബന്ധത്തിലൂടെയാണ് എത്തിയത്. ചീനവലയുടെ വിവിധ ഭാഗങ്ങൾക്ക് പോർച്ചുഗീസ് പേരുകളാണ്.

ഡച്ച് സെമിത്തേരി എ.ഡി. 1663 മുതൽ 1795 വരെ കൊച്ചി ഡച്ച് അധീനതയിലായിരുന്നു. 1724 ൽ ഫോർട്ടുകൊച്ചിയിൽ ഡച്ച് സെമിത്തേരി സ്ഥാപിതമായി. കണ്ടെത്തിയ 107 ശവകുടീരങ്ങളിൽ 12 എണ്ണം ഡച്ചുകാരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡച്ച് പാലസ് മ്യൂസിയം

1555ൽ പോർച്ചുഗീസുകാർ നിർമ്മിച്ച് കൊച്ചി രാജാവിന് സമ്മാനിച്ചതാണ് മട്ടാഞ്ചേരി പാലസ് മ്യൂസിയം (ഡച്ച് പാലസ്). പോർച്ചുഗീസുകാർക്കു പിന്നാലെ കൊച്ചിയിൽ അധികാരമുറപ്പിച്ച ഡച്ചുകാരും കൊട്ടാരം പുതുക്കിപ്പണിതു. സമീപമാണ് കൊച്ചി രാജകുടുംബത്തിന്റെ പരദേവതയായ പഴയന്നൂർ ഭഗവതി ക്ഷേത്രം.

ജൈന ക്ഷേത്രം

1904ൽ നിർമ്മിച്ച മട്ടാഞ്ചേരി ജൈനക്ഷേത്രത്തിൽ ജൈന തീർത്ഥങ്കരനായ ശ്രീധർമ്മനാഥാണ് പ്രധാന ആരാധനാമൂർത്തി. കൊച്ചി രൂപപ്പെട്ട പതിനാലാം നൂറ്റാണ്ട് മുതൽ ജൈന കച്ചവടക്കാർ കൊച്ചിയിൽ കച്ചവടത്തിനെത്തിയെന്നാണ് ചരിത്രം. കൊച്ചി ശ്വേതാംബർ മൂർത്തി പൂജക് ജൈന സംഘമാണ് ക്ഷേത്രമേൽനോട്ടക്കാർ.

സെന്റ് ഫ്രാൻസിസ് പള്ളി

എ.ഡി. 1503ൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ ആരാധനാകേന്ദ്രമാണ്. 1524 ഡിസംബർ 24ന് കൊച്ചിയിൽ മരിച്ച പോർച്ചുഗീസ് നാവികൻ വാസ്‌ക്കോ ഡി ഗാമയെ സംസ്‌കരിച്ച ഇടം എന്ന നിലയിലും സെന്റ് ഫ്രാൻസിസ് പള്ളി ലോകമാകെ അറിയപ്പെടുന്നു. ഇന്ന് സി.എസ്.ഐ പ്രാർത്ഥനാലയമാണ്.

കൽവത്തി ജുമാമസ്‌ജിദ്

കൊച്ചിയുടെ അറബ് വ്യാപാരബന്ധത്തിന്റെ പ്രതീകമായ കൽവത്തി ജുമാമസ്‌ജിദ് 1384 ൽ നിർമ്മിച്ചു. കച്ചവടത്തിനെത്തിയ അറബികൾ പ്രാർത്ഥനയ്ക്കായി കണ്ടെത്തിയ തുറസായ സ്ഥലത്ത് മസ്‌ജിദ് നിർമ്മിച്ചതാണെന്ന് പഴമക്കാർ പറയുന്നു.