പാലിയേക്കര -- വാഹനനിര 100 മീ. കടന്നാൽ ടോൾ പാടില്ല

Saturday 03 May 2025 4:58 AM IST

കൊച്ചി: പാലിയേക്കര ടോളിൽ വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാൽ ടോൾ പിരിവ് ഒഴിവാക്കി കടത്തി വിടണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ദേശിയ പാത അതോറിറ്റി 2021 ൽ പ്രഖ്യാപിച്ച മാർഗനിർദ്ദേശം കർശനമായി പാലിക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പൊതുപ്രവർത്തകനായ ഒ.ജെ. ജെനീഷ്, അഡ്വ. ശ്രീലക്ഷ്മി സാബു മുഖേന ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.

വാഹനങ്ങൾ 10 സെക്കൻഡിനുള്ളിൽ ടോൾ കടന്നു പോകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ദേശിയപാത അതോറിറ്റി ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതിൽ സത്യവാങ്മൂലം നൽകണം. ഹർജി മേയ് 21 ന് വീണ്ടും പരിഗണിക്കും.