റീൽസി​ൽ തുടങ്ങി​യ ഗോപിനാഥൻപിള്ള വെള്ളിത്തിരയിൽ തുടരും

Saturday 03 May 2025 12:22 AM IST
ഗോപിനാഥൻ പിള്ള

ചെങ്ങന്നൂർ : തി​യേറ്ററുകളി​ൽ നി​റഞ്ഞ സദസി​ൽ പ്രദർശനം തുടരുന്ന 'തുടരും' സിനിമയിൽ ടാക്സി ഡ്രൈവറുടെ വേഷത്തി​ലെത്തുന്ന മോഹൻലാലിന്റെ കാറി​നുള്ളി​ലെ രംഗം. "ഈ വണ്ടിക്കൊരു കുലുക്കമാണന്നും അടുത്ത പ്രാവശ്യം ഊബർ വിളിക്കത്തൊള്ളൂ " എന്നുള്ള യാത്രക്കാരന്റെ വാക്കുകൾ. ഇതിന് മറുപടിയായി "അതെന്താ ഊബർ കുലുങ്ങത്തില്ലേ?" എന്നുള്ള മോഹൻലാലി​ന്റെ കഥാപാത്രത്തി​ന്റെ രസകരമായ ചോദ്യം. മനസി​ൽ തങ്ങുന്ന രംഗത്തി​ലെ യാത്രക്കാരൻ സി​നി​മയി​ൽ കന്നി​ക്കാരനാണ്. ചെങ്ങന്നൂർ കല്ലിശ്ശേരി ഉമയാറ്റുകരയിലെ വള്ളിയിൽ വീട്ടി​ൽ ഗോപിനാഥൻ പിള്ള - 83). കുറഞ്ഞസമയം മാത്രമാണെങ്കിലും ഗോപിനാഥൻ പിള്ളയും മോഹൻലാലും ഒന്നിച്ചുള്ള ഈരംഗം പ്രേക്ഷകശ്രദ്ധ നേടി.

സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി അവസരം ലഭിച്ചപ്പോൾ ഗോപിനാഥൻ പിള്ള ആദ്യം പിൻമാറിയി​രുന്നു. എന്നാൽ ഭാര്യ ഓമനയും മക്കളും കൊച്ചുമക്കളും ഒപ്പം നിന്നതോടെ അദ്ദേഹം ക്യാമറയ്ക്ക് മുന്നി​ലെത്തി​.

കൊച്ചുമകളുടെ റീലി​ൽ തുടക്കം

മിത്രം എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഗോപിനാഥൻപിള്ളയുടെ രസകരമായ നിമിഷങ്ങൾ കൊച്ചുമകൾ മി​ത്ര റീൽസായി പങ്കുവച്ചിരുന്നു. ഈ റീലുകൾ 'തുടരും' സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയുടെ ശ്രദ്ധയിൽപ്പെട്ടു. ഗോപിനാഥൻപിള്ള ഈ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് കണ്ടെത്തി​യ തരുൺ മൂർത്തി ഇൻസ്റ്റഗ്രാമി​ലൂടെ ബന്ധപ്പെടുകയായി​രുന്നു.

ഷൂട്ടിംഗ് ലൊക്കേഷനിൽ മോഹൻലാൽ അടുത്തുവന്ന് കുശലാന്വേഷണം നടത്തിയത് ഗോപിനാഥൻ പിള്ളയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു. എവിടെ നിന്നാണ് വരുന്നത്..., യാത്ര സുഖകരമായിരുന്നോ... എന്നിങ്ങനെയുള്ള ലാലി​ന്റെ സ്നേഹത്തോടെയുള്ള വാക്കുകൾ കരുത്തായി​.

ഗോപിനാഥൻ പിള്ള