ടെക്സ്‌റ്റ് ബുക്കുകളുടെ ഹിന്ദി പേര്: പ്രതിഷേധം അറിയിച്ച് വിദ്യാഭ്യാസമന്ത്രി
ന്യൂഡൽഹി: ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ സ്‌കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകിയ എൻ.സി.ഇ.ആർ.ടി തീരുമാനത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനെ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം അനുവദിക്കുന്നതിലുള്ള കാലതാമസം പരിഹരിക്കണമെന്നും ധർമ്മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. എൻ.സി.ഇ.ആർ.ടി.യുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറൽ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിന്റെയും ലംഘനമായാണ് കണക്കാക്കുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. ഹിന്ദി പേരുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളം നേരത്തെ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ചിരുന്നു.പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ആയിരത്തി അഞ്ഞൂറ് കോടി ഇരുപത്തിയേഴ് ലക്ഷം രൂപ ലഭ്യമായില്ലെങ്കിൽ സൗജന്യ യൂണിഫോം, പാഠപുസ്‌തകം, ലൈബ്രററി ഗ്രാന്റ്, ഭിന്നശേഷി കുട്ടികൾക്ക് അടക്കമുള്ള ഗ്രാന്റ് തുടങ്ങിയവയെ ബാധിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു. 2023-24 രണ്ടാം പകുതി മുതൽ സമഗ്ര ശിക്ഷയ്ക്കുള്ള ഫണ്ട് കേരളത്തിന് ലഭിച്ചിട്ടില്ല.കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് , പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് , എസ്.എസ്.കെ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോക്ടർ സുപ്രിയ.എ.ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോക്ടർ ജയപ്രകാശ്. ആർ.കെ. എന്നിവരും പങ്കെടുത്തു.