അഴീക്കൽ കൃഷ്ണ‌ൻകുട്ടി സ്‌മാരക കവിത പുരസ്‌കാരം

Saturday 03 May 2025 12:17 AM IST
അവാർഡ് ജേതാവ് പി വിഷ്ണുപിയ

കരുനാഗപ്പള്ളി : സ്വാതന്ത്ര്യസമര സേനാനിയും കവിയും ഗാനരചയിതാവുമായിരുന്ന അഴീക്കൽ കെ. കൃഷ്ണ‌ൻകുട്ടിയുടെ സ്‌മരണയ്ക്കായി കുടുംബാംഗങ്ങളും അഴീക്കൽ കെ.കെ.എം ലൈബ്രറിയും ഏർപ്പെടുത്തിയ ഒമ്പതാമത് കൃഷ്‌ണൻകുട്ടി സ്‌മാരക കവിത പുരസ്‌കാരത്തിന് പി.വിഷ്ണു‌പ്രിയയുടെ "ഇണക്കമുള്ളവരുടെ ആധി" എന്ന കൃതി തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 10,001 രൂപയും ജ്യോതിഷ് ജോണി രൂപകൽപ്പന ചെയ്‌ത ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 11ന് വൈകിട്ട് 5 ന് അഴിക്കൽ എസ്.പി.എ.എ ഓഡിറ്റോറിയത്തിൽ വെച്ച് സി.ആ‌ർ. മഹേഷ് എം.എൽ.എ സമ്മാനിക്കും. കവിയും പ്രഭാഷകനുമായ മുഖത്തല ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. കവിയെയും കൃതിയെയും താലൂക്ക് സെക്രട്ടറി വി. വിജയകുമാർ പരിചയപ്പെടുത്തും. പാഠ്യപാഠ്യേതര വിഷയങ്ങളിൽ തുടർച്ചയായി മികവു പുലർത്തുന്ന അഴിക്കൽ ഗവ. ഹൈസ്‌കൂളിനെയും മറ്റു പ്രതിഭകളെയും ആദരിക്കും. വാർത്താ സമ്മേളനത്തിൽ വി വിജയകുമാർ, വി.പി.ജയപ്രകാശ് മേനോൻ, ആർ.ഗിരീഷ്, വി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.